മുംബൈ: മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 48 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ കോൺഗ്രസ് നേതാവ് പൃഥിരാജ് ചവാന്റേയും സംസ്ഥാന അധ്യക്ഷൻ നാനാ പടോലെയുടേയും പേരുകൾ പട്ടികയിൽ ഇടംപിടിച്ചു. പൃഥിരാജ് ചവാൻ കഹ്രദ് സൗത്തിൽ നിന്നും പടോലെ സകോലിയിൽ നിന്നും ജനവിധി തേടും.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ഘടകകക്ഷികളെ ഉൾപ്പെടുത്തി ഇന്ത്യ സഖ്യമായി മത്സരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേനയും (യു.ബി.ടി.) എൻ.സി.പി.യും (ശരദ് പവാർ) 85 വീതം സീറ്റുകളിൽ മത്സരിക്കും.
പെസന്റ്സ് വർക്കേഴ്‌സ് പാർട്ടി, സി.പി.എം., സി.പി.ഐ., സമാജ്‌വാദി പാർട്ടി, ആംആദ്മി പാർട്ടി എന്നിവയെക്കൂടി സഖ്യത്തിൽ ഉൾപ്പെടുത്താനാണ് ധാരണ. 18 സീറ്റുകൾ ഈ കക്ഷികൾക്കായി നീക്കിവെക്കും. നവംബർ 20-നാണ് 288 മണ്ഡങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. നവംബർ 23-നാണ് വോട്ടെണ്ണൽ.