Kerala

മോഹനൻ കുന്നുമ്മലിന്‍റെ പുനര്‍നിയമനം; ചാൻസലർക്കെതിരെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലാ വിസി പുനര്‍നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍. ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത് അവസരവാദപരമായ നിലപാടാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ആരോപിച്ചു. പുനർനിയമനത്തിൽ തന്നെ പ്രതിയാക്കിയ ചാൻസലർ ഇപ്പോള്‍ മറ്റൊരാൾക്കു പുനർനിയമനം നൽകിയിരിക്കുകയാണ്. ഒരിക്കൽ പറയുന്നതിൽനിന്നു വ്യത്യസ്തമായ നിലപാട് ആണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ചാന്‍സലര്‍ ആരോഗ്യ സര്‍വകലാശാല വി.സി പുനര്‍നിയമന തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സ്വന്തം നിലയിലാണ് ചാന്‍സലര്‍ പുനര്‍നിയമനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടവരില്‍ നിന്നും ഏകപക്ഷീയമായ തീരുമാനം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നീക്കം തികച്ചും അപലപനീയമാണെന്നും വീണ ജോർജ് വ്യക്തമാക്കി. ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്നായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്റെ പ്രതികരണം.

നേരത്തെ മോഹനന് അഞ്ച് വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടി ചാന്‍സലര്‍ ഉത്തരവിറക്കുകയായിരുന്നു. ഈ മാസം വിരമിക്കാനിരിക്കെയാണു പുതിയ തീരുമാനം. 70 വയസ് വരെ പദവിയില്‍ തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. കേരള വിസിയുടെ അധിക ചുമതലയിലും മോഹനന്‍ തുടരും. ഇതോടെ, സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായിരിക്കുകയാണ് ഡോ. മോഹനൻ കുന്നുമ്മൽ.

നേരത്തെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ് സംസ്ഥാനത്ത് ആദ്യമായി വിസിയായി പുനർനിയമനം ലഭിച്ചത്. നടപടി വിവാദമാകുകയും നിയമപോരാട്ടത്തിനൊടുവില്‍ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം സുപ്രിംകോടതി അസാധുവാക്കുകയും ചെയ്തിരുന്നു.