കൊച്ചി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രത്യേക ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന്, എസ് ഡി ആർ എഫ് ഫണ്ടിൽ നിന്ന് കേരളത്തിന് തുക ചെലവഴിക്കാമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു.
ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്‍റെ മറുപടി സത്യവാങ്മൂലം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. എസ് ഡി ആർ എഫ് വിഹിതം, സംസ്ഥാനത്തിന് ആകെയുള്ള വാർഷിക വിഹിതമാണെന്നാണ് കേരളം നിലപാട് വ്യക്തമാക്കിയത്. മുണ്ടക്കൈ ദുരിതബാധിതരുടെ ബാങ്ക് ലോണുകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കോടതി വിശദീകരണം ചോദിച്ചതിനുള്ള മറുപടി സത്യവാങ്മൂലം കേന്ദ്രവും ഇന്ന് കോടതിയിൽ സമർപ്പിക്കും.
പുനരധിവാസത്തിനായി കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ (എൻഡിആർഎഫ്) നിന്നുള്ള വിഹിതം പിന്നീട് നൽകുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം പറഞ്ഞത് പോലെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള വിഹിതം മാത്രം മതിയാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി. ബാങ്ക് ലോണുകൾ സംബന്ധിച്ച് തീരുമാനം എന്തായെന്ന് കോടതി ചോദിച്ചപ്പോൾ ചർച്ച ചെയ്ത് വിശദീകരണം അറിയിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.
പ്രത്യേക ധനസഹായം നൽകാത്തത് സംബന്ധിച്ച് കേന്ദ്രത്തോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ്, കേരളത്തിന് 700 കോടിയിലധികം ദുരിതാശ്വാസ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം നിലപാടറിയിച്ചത്. ഉന്നത സമിതിയുടെ പഠനത്തിനുശേഷം എൻഡിആർഎഫ് വിഹിതം അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.