തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രി കെ. രാജന്റെ മുൻപിൽ എത്തും. കൈക്കൂലി അടക്കം, നവീൻ ബാബുവിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്ന റിപ്പോർട്ടാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ഗീത നൽകിയിട്ടുള്ളത്. റിപ്പോർട്ട് റവന്യൂ മന്ത്രി പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും.
മുഖ്യമന്ത്രിയുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. കലക്ടർ സ്ഥാനത്തുനിന്ന് അരുൺ കെ. വിജയനെ മാറ്റുന്നതടക്കമുള്ള നടപടികൾ ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തീരുമാനിക്കുക. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ റിപ്പോർട്ടിനെ തള്ളിക്കൊണ്ട് പി.പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിൽനിന്ന് ഉണ്ടാകാൻ സാധ്യത ഇല്ലെന്നാണ് വിവരം.