ക്വാലലംപുർ: ഓരോ ദിവസവും വേദന കൊണ്ട് ഞാൻ നീറുകയാണ്, എന്നോട് ക്ഷമിക്കുക– അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി നജീബ് റസാഖ് ആണ് മലേഷ്യൻ ജനതയോട് നിരുപാധികം മാപ്പു പറഞ്ഞത്. റസാഖിന്റെ മകൻ മുഹമ്മദ് നിസാർ നജീബ് ആണ് പത്രസമ്മേളനത്തിൽ കത്തു വായിച്ചത്.
വൺ മലേഷ്യ ഡവലപ്മെന്റ് (1എംഡിബി) എന്ന 450 കോടി ഡോളറിന്റെ വികസനഫണ്ടിൽ തിരിമറി നടത്തിയ 2009 ലെ കേസിലാണ് 2020 ൽ നജീബ് (71) ശിക്ഷിക്കപ്പെട്ടത്. ശിക്ഷ 2022 ൽ സുപ്രീം കോടതിയും ശരിവച്ചു. 12 വർഷത്തെ ശിക്ഷ മലേഷ്യൻ രാജാവ് 6 കൊല്ലമായി ചുരുക്കി.
ഫണ്ട് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് നജീബ് സമ്മതിച്ചു. ഈ ഫണ്ടിൽ നിന്ന് 10 ലക്ഷം ഡോളർ തന്റെ അക്കൗണ്ടിൽ വന്നതിനെപ്പറ്റി അറിവുണ്ടായിരുന്നില്ലെന്ന് ന്യായീകരിച്ചു. സൗദി അറേബ്യയിൽ നിന്നുള്ള സംഭാവനയാണ് എന്നാണ് കരുതിയത്. ഒരുനാൾ നിരപരാധിത്വം തെളിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.