Health

പ്രമേഹ രോഗികള്‍ക്ക് പനീര്‍ കഴിക്കാമോ ? | can-diabetics-eat-paneer

ഒരേസമയം വെജിറ്റേറിയൻസിനും- നോണ്‍ വെജിറ്റേറിയൻസിനും ഇഷ്ടപ്പെടാറുള്ളൊരു വിഭവമാണ് പനീര്‍

ഒരു ജീവിതശൈലീരോഗമാണ് പ്രമേഹം. എന്നാൽ പല ഗൗരവമുള്ള അവസ്ഥകളിലേക്കും പ്രമേഹം നമ്മെ നയിക്കും. എല്ലാവരും ജീവിതശൈലീ രോഗം എന്ന് നിസാരമാക്കി പ്രമേഹത്തെ കണക്കാക്കുന്നതില്‍ നിന്ന് ഇന്ന് മിക്കവരും മാറിയിട്ടുണ്ട്. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾക്ക് പ്രമേഹം കാര്യമായ പങ്ക് വഹിക്കുന്നുണ്ട് എന്ന സത്യം ഇന്ന് ധാരാളം പേര്‍ മനസിലാക്കുന്നു.

ഇക്കാരണം കൊണ്ടുതന്നെ, പ്രമേഹമുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കുന്നതിനും വളരെ കാര്യമായി ശ്രമിക്കുന്നവരാണ് ഇന്ന് ഏറെയും. പ്രധാനമായും നമുക്കറിയാം- ഭക്ഷണത്തില്‍ തന്നെയാണ് നിയന്ത്രണം വേണ്ടത്. രക്തത്തില്‍ ഷുഗര്‍നില ഉയരാതിരിക്കാൻ ചില ഭക്ഷണങ്ങള്‍ പൂര്‍ണമായി തന്നെ ഒഴിവാക്കേണ്ടി വരാം. ചിലതാകട്ടെ നല്ലതുപോലെ നിയന്ത്രിക്കേണ്ടിയും വരാം.

ഇനി, പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ എന്ന് പലരും സംശയിക്കുന്നൊരു വിഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. പനീര്‍- ആണീ വിഭവം. ഒരേസമയം വെജിറ്റേറിയൻസിനും- നോണ്‍ വെജിറ്റേറിയൻസിനും ഇഷ്ടപ്പെടാറുള്ളൊരു വിഭവമാണ് പനീര്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ പലരും ഇത് പേടിച്ചിട്ട് കഴിക്കാൻ മടിക്കാറുണ്ട്.

പക്ഷേ സത്യത്തില്‍ പ്രമേഹമുള്ളവര്‍ക്ക് പനീര്‍ കഴിക്കാം കെട്ടോ. പ്രോട്ടീന്‍റെ മികച്ചൊരു സ്രോതസായ പനീറിന് പല ആരോഗ്യഗുണങ്ങളും ഉണ്ട്. വൈറ്റമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, കാത്സ്യം, ധാതുക്കള്‍ എന്നിങ്ങനെ പല അവശ്യഘടകങ്ങളുടെയും ഉറവിടം ആണ് പനീര്‍.

കാര്‍ബോഹൈഡ്രേറ്റിന്‍റെ കാര്യത്തില്‍ അത്രമാത്രം പേടിക്കാനില്ല എന്നതുകൊണ്ടാണ് ഇത് പ്രമേഹമുള്ളവര്‍ക്ക് കഴിക്കാൻ അനുയോജ്യമാകുന്നത്. കാര്‍ബ് കുറവായതിനാല്‍ തന്നെ പനീറിന്‍റെ ‘ഗ്ലൈസമിക് സൂചിക’ (മധുരത്തിന്‍റെ അളവിനെ സൂചിപ്പിക്കുന്നത്) കുറവാണ്. എന്നുവച്ചാല്‍ ഷുഗര്‍ കൂട്ടാൻ ഇതിന് അത്രമാത്രം കഴിവില്ല.

ആവശ്യത്തിന് കാര്‍ബും അതോടൊപ്പം തന്നെ മറ്റ് അവശ്യ പോഷകങ്ങളും ഉറപ്പിക്കാൻ പ്രമേഹമുള്ളവര്‍ പനീര്‍ കഴിക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ അളവ് നിര്‍ബന്ധമായും ശ്രദ്ധിക്കണം. അമിതമായ രീതിയില്‍ കഴിച്ചാല്‍ തീര്‍ച്ചയായും അത് ഗുണത്തിന് പകരം ദോഷം ചെയ്യാം. അല്ലാത്തപക്ഷം പ്രമേഹമുള്ളവര്‍ക്ക് വളരെയധികം സഹായം ചെയ്യുന്നൊരു വിഭവം തന്നെയായിരിക്കും പനീര്‍.

ഇനി, മറ്റൊരു കാര്യം കൂടി ഇതില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കാനുണ്ട്. പനീര്‍ എങ്ങനെ പാകം ചെയ്യുന്നു എന്നതിനെ കുറിച്ചാണ് പറയാനുള്ളത്. പ്രമേഹമുള്ളവര്‍ക്ക് നല്ലതാണ് എന്ന് പറയുമ്പോഴും ആരോഗ്യകരമായ രീതിയില്‍ അല്ല പാകം ചെയ്യുന്നത് എങ്കില്‍ അതും തിരിച്ചടി തന്നെ. ഡീപ്-ഫ്രൈ ചെയ്തോ, ഒരുപാട് ഓയിലുകളോ – മെഴുക്കോ, ക്രീമോ, കശുവണ്ടിയോ ഒന്നും ഉപയോഗിച്ച് പാകം ചെയ്ത പനീര്‍ ആകരുത് പ്രമേഹമുള്ളവര്‍ കഴിക്കേണ്ടത്. മിതമായ രീതിയില്‍ എണ്ണ ചേര്‍ത്തത് ആവാം. അത്രമാത്രം. അതിലധികം ചേരുവകള്‍ ചേര്‍ത്ത് സമ്പന്നമാക്കുന്നത് അതിന് അനുസരിച്ച് പ്രമേഹത്തിന് തിരിച്ചടിയാകാം.

content highlight: can-diabetics-eat-paneer