‘ഉറങ്ങുമ്പോള്‍ കാണുന്നതല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നതാണ് സ്വപ്നം’ എന്ന് പറഞ്ഞത് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന മിസൈല്‍ മാനാണ്. അദ്ദേഹം ലോകത്തോട് വിട പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും രാജ്യത്തെ യുവജനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ട്. അതേ വാക്ക് ഇപ്പോള്‍ പറയേണ്ടിവന്നത്, KSRTCയുടെ അവസ്ഥ കണ്ടിട്ടാണ്. ഉണര്‍ന്നിരുന്ന് സ്വപ്‌നം കണ്ട് ആരാണ് KSRTCയെ രക്ഷപ്പെടുത്താന്‍ വരുന്നത്. എന്നാണ്, നഷ്ടക്കണക്കുകള്‍ വലിച്ചെറിഞ്ഞ് ലാഭത്തില്‍ ഓടുന്ന കഥകള്‍ പറഞ്ഞു തുടങ്ങുന്നത്.
ഒന്നുറപ്പുണ്ട്, KSRTCയെ രക്ഷപ്പെടുത്താന്‍ വേണ്ടി പകല്‍ക്കിനാവു കാണുന്നവരുണ്ട്. അവരുടെ പൂവണിയാത്ത നിരവധി പ്രഖ്യാപനങ്ങളും പ്രവര്‍ത്തികളും നടന്നിട്ടുമുണ്ട്. ആ ഗണത്തില്‍പ്പെടുന്ന ഒരു പകല്‍ക്കിനാവിന്റെ വെളിച്ചത്തില്‍ ഒരു നാടകം അണിയറയില്‍ തയ്യാറാവുകയാണ്. അവതരിപ്പിക്കുന്നത്, CITU തിയറ്റേഴ്‌സിന്റെ ബാനറില്‍ കേരളാ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷനും(KSRTEA). നാടകത്തിന്റെ പേര് ‘സ്വയം പര്യാപ്ത സ്ഥാപനം, സുരക്ഷിത തൊഴിലാളി’ എന്നാണ്. ഈ നാടകം മാസംതോറും ശമ്പളം കിട്ടുമ്പോള്‍ അക്കൗണ്ടില്‍ നിന്നു തന്നെ ലെവി അടയ്‌ക്കേണ്ടി വരുന്ന അസോസിയേഷന്‍ അംഗങ്ങള്‍ക്കു മാത്രമുള്ളതല്ല, KSRTCയിലെ എല്ലാവരെയും പങ്കെടുപ്പിച്ചുള്ള നാടകമാണ്.
ഉണര്‍ന്നിരുന്ന് സ്വപ്‌നം കണ്ടവരെല്ലാം പരാജയപ്പെട്ടെന്ന് നിലവിളിച്ചപ്പോള്‍ സി.ഐ.ടി.യു രംഗത്തു വന്നിരിക്കുകയാണ്. ഈ വരവ് റഫറണ്ടത്തിന്റെ പേരിലൊന്നുമല്ലെന്ന് തൊഴിലാളികള്‍ മനസ്സിലാക്കണം. KSRTCയുടെ ദിവസ വരുമാനം 9 കോടി ആക്കുക എന്നതാണ് ലക്ഷ്യം. 9 കോടി വരുമാനം വന്നാല്‍ KSRTCയുടെ വസന്തകാലം വന്നുവെന്ന് ഉറപ്പിക്കാം. പക്ഷെ, ഇപ്പോഴത്തെ രീതിയില്‍ പോയാല്‍ 9 കോടി നേടാനാകില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് സി.ഐ.ടി.യു തൊഴിലാളികളുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. തൊഴിലാളികള്‍ പണിയെടുത്താലല്ലേ വരുമാനം വര്‍ദ്ധിക്കൂ. അപ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കാതെ തരമില്ല.
ടിക്കറ്റ്, ടിക്കറ്റിതര വരുമാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച നിര്‍ദ്ദേശത്തിന് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. അതും പട്ടിണി പാവങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് തന്നെ. ഏറ്റവും മികച്ച അഭിപ്രായത്തിന് പതിനായിരം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 3,000 രൂപയുമാണ്. അടുത്ത മാസം 5ന് മുമ്പ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സി.ഐ.ടി.യു പരസ്യം ചെയ്തിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ ഇ-മെയിലായും നേരിട്ടും പോസ്റ്റല്‍ മാര്‍ഗത്തിലും അയക്കാം. അയയ്ക്കാനുള്ള മേല്‍വിലാസം തലസ്ഥാനത്തുള്ള അഴീക്കോടന്‍ മെമ്മോറിയല്‍ ബില്‍ഡിംഗിലെ സി.ഐ.ടി.യുവിന്റെ ഹെഡ് ഓഫീസിലേക്കാണ്. ഈ സൈക്കോളജിക്കല്‍ മൂവിന്റെ പിന്നാമ്പുറങ്ങള്‍ പരിശോദിച്ചു നോക്കേണ്ടതുണ്ട്.
സി.ഐ.ടി.യുവിന്റെ അടിമക്കണ്ണ് നാടകം ?
നല്ലൊരു കാര്യമാണ് ഈ ചെയ്യുന്നതെന്ന അഭിപ്രായം തന്നെയാണ് ഉള്ളതെങ്കിലും ഇപ്പോള്‍ ഇത് ചെയ്യുന്നതിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. കാരണം, ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണം ആരംഭിച്ചത് 2016ലാണ്. ഈ പദ്ധതി അന്ന് നടത്തിയിരുന്നു എങ്കില്‍ KSRTC ഇന്ന് ലാഭത്തിലായേനെ. സി.ഐ.ടി.യുവിന്റെ പദ്ധതിക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമായിരുന്നു എന്നതും വസ്തുതയാണ്. പക്ഷെ, ഭരണ തുടര്‍ച്ച കിട്ടിയിട്ടും ആലോചിക്കാതെ ഇപ്പോള്‍ ഈ പദ്ധതിയുമായി വന്നിരിക്കുന്നത്, KSRTC തൊഴിലളികള്‍ക്ക് ഒറ്റഗഡുവായി ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചതു കൊണ്ടാണെന്ന് വ്യക്തം. പട്ടിയെപ്പോലെ പണിയെടുപ്പിച്ച് മാക്‌സിമം വരുമാനം ഉയര്‍ത്താതെ ഒറ്റ ഗഡുവായി ശമ്പളം വാങ്ങാനാവില്ലെന്ന മെസേജാണ് നല്‍കുന്നത്. ഒറ്റ ഗഡുവായി ശമ്പളം വാങ്ങണമെങ്കില്‍ വരുമാനം ഉയര്‍ത്തിയേ മതിയാകൂ. അതിനുള്ള വഴികള്‍ എന്തൊക്കെയെന്ന് ‘അടിമകളോട്’ തന്നെ ചോദിക്കുന്നു. ഇതാണ് സി.ഐ.ടി.യു ചെയ്യുന്നത്. ഇത് നാടകമല്ലാതെ മറ്റെന്താണ്.
തൊഴിലാളികളോട് ആത്മാര്‍ത്ഥതയുള്ള സംഘടനയാണെങ്കില്‍ ഈ നിര്‍ദ്ദേശങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ചോദിച്ചറിഞ്ഞ് ഇടപെടല്‍ നടത്തേണ്ടതായിരുന്നു. അതുണ്ടായിട്ടില്ല എന്നു മാത്രമല്ല, ശമ്പളം വെട്ടിമുറിച്ച് രണ്ടു ഗഡുവാക്കി കൊടുക്കാനും, ആനുകൂല്യങ്ങള്‍ കൊടുക്കാതിരിക്കാനും, എല്ലാ ഒത്താശയും മാനേജ്‌മെന്റിനൊപ്പം നിന്ന് സര്‍ക്കാരിനെ സഹായിച്ചു എന്ന ഗുരുതരമായ തൊഴിലാളി വഞ്ചനയും നടത്തിയിട്ടുണ്ട്. ഇത് പറയുന്നത്, മറ്റ് തൊഴിലാളി യൂണിയനുകളാണ്. സ്വന്തം സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സി.ഐ.ടി.യുവിന് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനായില്ലെങ്കില്‍ പിന്നെ ഏത് സംഘടനയ്ക്കാണ് കഴിയുക. മാനേജ്‌മെന്റിനോ, സര്‍ക്കാരിനോ വകുപ്പു മന്ത്രിക്കോ KSRTCയെ രക്ഷിക്കാനാവില്ല എന്നു കൂടിയാണ് സി.ഐ.ടി.യു ഈ പദ്ധതിയിലൂടെ പറയുന്നത്. തൊഴിലാളികളുടെ നിര്‍ദേശമല്ലാതെ വരുമാനം കൂട്ടാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നതാണ് സത്യം. ആ തൊഴിലാളികളെയാണ് സി.ഐ.ടി.യുവിന്റെ സമ്മതത്തോടെ പട്ടിണിക്കിട്ട് ശിക്ഷിച്ചതെന്ന് മറന്നു പോകുന്നതെങ്ങനെ.
KSRTCയില്‍ മാത്രമല്ല സ്വകാര്യ ബസ് ലോബികളും സംഘടനയുള്ളവരാണ്
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കേരളത്തിലെ സ്വകാര്യ സര്‍വ്വീസുകള്‍. KSRTCയുടെ റൂട്ടുകളും, വരുമാനവുമെല്ലാം കവര്‍ന്നെടുക്കുന്നതില്‍ സിംഹഭാഗവും സ്വകാര്യ സര്‍വ്വീസുകളാണ്. KSRTC ജീവനക്കാരെ ഉദ്ധരിക്കുന്ന സംഘടനകള്‍ക്ക് ഈ സ്വകാര്യ സര്‍വ്വീസുകളിലെ ജീവനക്കാരുടെ ഉദ്ധാരിക്കലിലും സംഘടനാ പ്രവര്‍ത്തനമുണ്ട്. സി.ഐ.ടി.യുവിനും, എ.ഐ.ടി.യു.സിക്കും, ബി.എം.എസിനും, ഐ.എന്‍.ടി.യു.സിക്കും സംഘടനകളുണ്ട്. സ്വകാര്യ മേഖലയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇവര്‍ അഹോരാത്രം അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതായത് ഒരേ സമയം ഇരയക്കും വേട്ടക്കാരനും വേണ്ടി സംസാരിക്കുന്ന സര്‍ക്കാര്‍ നയം പോലെ. KSRTCയെ ഉദ്ധരിക്കാന്‍ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്ന അതേ മനോ നിലയില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനയെയും താലോലിക്കുന്നുണ്ട്. അനധികൃത സര്‍വ്വീസ് നടത്തുന്ന വാഹന ഉടമകളും യൂണിയന്റെ ഭാഗമായിരിക്കും. KSRTCക്ക് കിട്ടാനുള്ള യാത്രക്കാരെ മുഴുവന്‍ തൂത്തുവാരി സ്വകാര്യ ബസുകള്‍ കൊണ്ടു പോകുമ്പോള്‍ വരുമാനം വര്‍ദ്ധിക്കാന്‍ മേലോട്ടു നോക്കിയിരുന്നാല്‍ മതിയാകുമോ എന്നൊരു ചോദ്യം KSRTC തൊഴിലാളികള്‍ ചോദിക്കുന്നുണ്ട്.
CITU നാടകം പൊളിയുമോ ?
സ്വന്തമായി സ്വകാര്യ ബസ് ഉള്ള തൊഴിലാളി വര്‍ഗ പാര്‍ട്ടി നേതാക്കന്‍മാരും വകുപ്പു മന്ത്രിമാരും ഭരിക്കുന്ന ഇടമാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്. എം.എല്‍.എമാര്‍ ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ ബസ് വിട്ടു കൊടുക്കുന്ന മന്ത്രിമാര്‍ വരുമാനത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ. ബസ് കണ്‍സിഷന്‍ തൊട്ട്, സൗജന്യ പാസ് വരെ അനധികൃതമായി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി നോക്കിയാല്‍ മനസ്സിലാകും സി.ഐ.ടി.യു നാടകം പൊളിയുമോ ഇല്ലയോ എന്ന്. പാവം തൊഴിലളികളുടെ നിര്‍ദ്ദേശം മാത്രം കൊണ്ട് ദിവസ വരുമാനം 9 കോടി ആക്കാന്‍ സി.ഐ.ടി.യു ഇറങ്ങിപ്പുറപ്പെടുകയാണെങ്കില്‍ അതിനു മുമ്പ് ചെയ്യേണ്ടത്, വകുപ്പു മന്ത്രിയുടെ കഴിവുകേടിനെ പരസ്യമായി വിമര്‍ക്കുകയാണ്.
സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ തുറന്നു കാട്ടേണ്ടതാണ്. കൃത്യമായ ശമ്പളവും, ആരോഗ്യം ക്ഷയിക്കാതിരിക്കാനുള്ള ചികിത്സയും, നല്ല കണ്ടീഷന്‍ ബസുകളും നല്‍കിയിരുന്നെങ്കില്‍ വരുമാനം പതിയെ ഉയര്‍ന്നേനെ. കേരളത്തിലെ റോഡുകളുടെ അവസ്ഥ കൂടി നോക്കിയാല്‍ KSRTC ബസിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വേഗത്തില്‍ മാറേണ്ട അവസ്ഥയുണ്ടെന്ന് മനസ്സിലാകും. റോഡുകളുടെ അവസ്ഥ ഡീസല്‍ ഉപയോഗത്തെയും ബാധിക്കുന്നുണ്ട്. ബ്രേക്കില്ലാത്ത, ഇന്‍ഷുറന്‍സ് തീര്‍ന്ന വണ്ടിയുമായി ജീവന്‍ പണയം വെച്ച് സര്‍വ്വീസ് നടത്തുന്ന തൊഴിലാളികളുടെ മാനസികാവസ്ഥ പോലും മനസ്സിലാക്കാത്ത സര്‍ക്കാരും യൂണിയനുമാണ് വരുമാന വര്‍ദ്ധനയ്ക്ക് നിര്‍ദ്ദേശം ചോദിച്ചിറങ്ങിയിരിക്കുന്നത്.
പ്രതിമയ്ക്ക് ലക്ഷങ്ങള്‍ കൊടുത്തവര്‍ ഹൃദയാഘാതം വന്നുമരിച്ച തൊഴിലളികളുടെ എണ്ണം ആലോചിക്കണം
തൃശൂരില്‍ ശക്തന്‍ തമ്പുരാന്റെ പ്രമിത ഇടിച്ചു പൊട്ടിച്ച ഡ്രൈവറില്‍ നിന്നും ന,്ടപരിഹാരം വാങ്ങാനും, പ്രതിമ നിര്‍മ്മിക്കാന്‍ ലക്ഷങ്ങള്‍ കൊടുത്തവരും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. KSRTCയുടെ വളയം പിടിച്ച് ക്ഷയവും ഹൃദയാഘാതവും വന്ന് മരണപ്പെട്ടവരുടെ കണക്ക്. അതുമാത്രംമതിയാകും KSRTCയിലെ തൊഴിലാളികള്‍ക്ക് കൃത്യമായ വൈദ്യ പരിശോധന ഇല്ല എന്ന് മനസ്സിലാക്കാന്‍. എപ്പോള്‍ വേണമെങ്കിലും മരണം ഉറപ്പായ ഒരു ജോലിയില്‍ ഇരിക്കുന്നവരോടാണ് വരുമാനം ഉയര്‍ത്തുന്നതിനെ കുറിച്ച് എ.സി റൂമിലിരുന്ന് കല്‍പ്പിക്കുന്നത്. 15 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ബസ് ഓടിക്കുന്ന തൊഴിലാളികള്‍ മരണവും ജീവിതത്തിനും ഇടയിലാണ് ജോലി ചെയ്യുന്നതെന്നു കൂടി അറിയേണ്ടതുണ്ട്. അവരാണ് വ രുമാനം കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ തരേണ്ടത്. അതായത്, അവരുടെ ജീവന്‍ ബലി കഴിക്കേണ്ടതെന്ന് സാരം.
KSRTC സര്‍ക്കാര്‍ വകുപ്പാക്കണം, പറ്റുമോ ?
ഈ സ്ഥാപനത്തിലെ ബദലി ജീവനക്കാര്‍ ഉള്‍പ്പെടെ (2018ല്‍ എംപാനലായിരുന്ന മുഴുവന്‍ പേരേയും ചേര്‍ത്ത് സര്‍ക്കാര്‍ വകുപ്പിന്റെ ഭാഗമായി മാറ്റുക. ഈ സ്ഥാപനം അതിന്റെ വസ്തുക്കള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുക്കുക. അഥ് എന്തുചെയ്യും എന്ന് KSRTCയോട് ചോദിക്കാതെ സര്‍ക്കാരിന് ഇഷ്ടമുള്ളപോലെ വിനിയോഗിക്കുക. ഇത് ചെയ്താല്‍ ഒരുമാസം കൊണ്ട് കളക്ഷന്‍ 10 കോടി കവിയും. അതു മാത്രമല്ല, ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കിട്ടിയില്ലെങ്കില്‍ വാങ്ങിക്കൊടുക്കാന്‍ കഴിവുള്ള സംഘടനകള്‍, കേരള എന്‍.ജി.ഒ. യൂണിയന്‍ & ജോയിന്റ് കൗണ്‍സില്‍ എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. KSRTCയിലെ സംഘടനകള്‍ അങ്ങനെയല്ല, തൊഴിലാളികളെ പറഞ്ഞു പറ്റിച്ച് കഴിയുന്നവരാണ്.
CONTENT HIGHLIGHTS;KSRTC Theatres’ Drama “Self Sufficient Enterprise, Safe Worker” : Story Screenplay Directed by CITU (Special Story)