Celebrities

നായികയെ ഉപദ്രവിച്ചു; സിനിമയിലെ വില്ലനെ വളഞ്ഞിട്ട് ആക്രമിച്ച് സ്ത്രീ

ചില പ്രേക്ഷകര്‍ സിനിമയെ പൂര്‍ണമായ രീതിയില്‍ ഉള്‍ക്കൊള്ളാറുണ്ട്. അതിന്റെ ഭാഗമായി നായിക നായകന്മാരോട് സ്‌നേഹവും അതേപോലെതന്നെ വില്ലന്മാരോട് വെറുപ്പും ഉണ്ടാകാറുണ്ട് പലര്‍ക്കും. പൊതു മദ്ധ്യത്തില്‍ ഈ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രേക്ഷകരും ധാരാളം പേരുണ്ട് സമൂഹത്തില്‍. ഇപ്പോള്‍ ഇതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഹൈദരാബാദില്‍ നിന്നും പുറത്തു വരുന്നത്. ഒരു സിനിമയിലെ നായികയെ ആക്രമിച്ച വില്ലനെ പൊതുരെ തല്ലുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണിത്.

ലവ് റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ സ്‌ക്രീനിങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ നായികയോട് ക്രൂരത കാണിക്കുന്ന എന്‍ ടി രാമസ്വാമിയെയാണ് കാണികളില്‍ ഒരാളായ സ്ത്രീ പൊതിരെ തല്ലിയത്. അണിയറ പ്രവര്‍ത്തകര്‍ തീയേറ്റര്‍ വിസിറ്റ് നടത്തുന്നതിനിടെയായിരുന്നു സംഭവം. തിയേറ്ററില്‍ വെച്ച് കാണികളില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങി ഓടി വന്ന് ഇദ്ദേഹത്തെ ഉപദ്രവിക്കുകയായിരുന്നു. എന്‍ ടി രാമസ്വാമിയുടെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് വലിക്കുകയും ആവര്‍ത്തിച്ച് തല്ലാന്‍ നോക്കുകയും ചെയ്യുന്നുണ്ട് സ്ത്രീ. കൂടെ നിന്നിരുന്ന അണിയറ പ്രവര്‍ത്തകര്‍ സ്ത്രീയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.

അതോടൊപ്പം തന്നെ കാണികളില്‍ ചിലരും ഇവരെ പിടിച്ചു മാറ്റാനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീ ആവര്‍ത്തിച്ച് തല്ലാന്‍ വരികയായിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പ്രമോഷന്റെ ഭാഗമായുള്ള ഒരു നാടകമാണ് ഇത് എന്നാണ് ചിലര്‍ പറയുന്നത്. സ്ത്രീയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട് ചിലര്‍. എന്തായാലും സംഭവത്തില്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.