സ്വന്തം കുട്ടികൾ മിടുക്കരും ബുദ്ധിമാന്മാരുമായി വളരണമെന്നാണ് ഓരോ മാതാപിതാക്കളുടെയും ആഗ്രഹം. എന്നാൽ വെർച്ച്വൽ ഓട്ടിസത്തിലേക്ക് കുട്ടികളെ തള്ളിവിടുന്നതും മാതാപിതാക്കൾ തന്നെയാണ്. പലപ്പോഴും കുട്ടികൾക്ക് സന്തോഷം നൽകുന്ന ഏക ഉപാധി ഫോൺ തന്നെയാണ്. പല മാതാപിതാക്കളും ഇതൊരു ബഹുമതി ആയിട്ടാണ് കാണുന്നത്. കുട്ടികളെ ബുദ്ധിമാന്ദ്യമുള്ളവരായി മാറ്റുകയാണ് മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള ഈ അശ്രദ്ധ. ആറിയാതെയാണെങ്കിലും നമ്മൾ നമ്മളുടെ കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹത്തിന്റെ ഫലമാണ് ഈ വെർച്ച്വൽ ഓട്ടിസം.
ഓട്ടിസം എല്ലാവരും കേട്ടിട്ടുള്ളതാണെങ്കിലും വെർച്ച്വൽ ഓട്ടിസം കുട്ടികളിൽ സ്‌ക്രീൻ ടൈം കൂടുതലാകുന്നത് കൊണ്ടുണ്ടാകുന്ന ഒരു ശാരീരിക – മാനസിക അവസ്ഥയാണ്. പലപ്പോഴും മാതാപിതാക്കൾ കുട്ടികൾ അടങ്ങിയിരിക്കാനായി മൊബൈൽ, ടാബ്, ടി വി, എന്നിവയൊക്കെ കാണിച്ച് ഇരുത്താറുണ്ട്. ഇതിന്റെ ഭാഗമായിട്ട് മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾ സ്വായത്തമാക്കിയെടുക്കേണ്ട കുറെ കാര്യങ്ങളാണ് അവർക്ക് നഷ്ടമാകുന്നത്. വ്യക്തമാക്കി പറഞ്ഞാൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ് തുടങ്ങിയ ഗാഡ്‌ജെറ്റ്സുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന അവസ്ഥ കുട്ടികളെ കൊണ്ട് ചെന്നെത്തിക്കുന്നത് വെർച്ച്വൽ ഓട്ടിസം എന്ന അവസ്ഥയിലേക്കാണ്.
കണ്ണും കാതും തുറക്കുന്നതിന് മുൻപേ ഫോൺ നൽകി കുട്ടികളെ പഠിപ്പിക്കുമ്പോൾ അവരിൽ ശരിയായ വികാസ ഘട്ടങ്ങൾ നടക്കാതെ വരുകയും ഇതുമൂലം കുട്ടികൾക്ക് സോഫ്റ്റ് സ്കില്ലുകൾ ഇല്ലാതാക്കുക, സംസാരിക്കാൻ വൈകുക, സോഷ്യൽ സ്കില്ലുകൾ ഇല്ലാതാക്കുക, ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥയിലേക്ക് ഇത് നയിക്കുന്നു. ലേണിങ് ഡിസെബിലിറ്റി ഇതിന്റെ മറ്റൊരു വശമാണ്. ഒന്നര വയസ് കഴിഞ്ഞിട്ടും സംസാരം തുടങ്ങാത്ത അവസ്ഥ കുട്ടികളിൽ ഉണ്ടാകുന്നതും നടക്കാനും മറ്റ് ആക്റ്റിവിറ്റികൾ ചെയ്യാനും വൈകുന്നതുമെല്ലാം വെർച്ച്വൽ ഓട്ടിസത്തിന്റെ ഭാഗമാണ്.
കുട്ടികളുടെ മുന്നിൽ മാതാപിതാക്കൾ കഴിവതും മൊബൈൽ ഉപയോഗിക്കാതിരിക്കുക. ഇതിന് പ്ലേ തെറാപ്പിയാണ് കുട്ടികൾക്ക് ആവശ്യം. അതിനാൽ കുട്ടികൾക്കൊപ്പം കളിക്കാനും സമയം ചിലവഴിക്കാനും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം കഴിപ്പിക്കുന്നതിനായി മൊബൈൽ നൽകുന്നത് മൂന്നു വയസ് വരെ പൂർണമായും ഒഴിവാക്കേണ്ട കാര്യമാണ്.
STORY HIGHLIGHT: virtual autism