തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് 100 കോടി കോഴ നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തോമസ് കെ തോമസ് തനിക്കെതിരെ നടത്തിയ രൂക്ഷ പ്രതികരണത്തിന് മറുപടിയുമായി ആന്റണി രാജു. തനിക്കെതിരെ തോമസ് കെ തോമസ് ഉന്നയിച്ച ആരോപണം അപക്വമാണെന്ന് ആന്റണി രാജു പറഞ്ഞു.
തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു തോമസ് കെ തോമസിന്റെ വിമര്‍ശനം. താന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്ന് ആന്റണി രാജു പറഞ്ഞു. കുട്ടനാട് സീറ്റ് ലക്ഷ്യമിട്ടാണ് ആന്റണി രാജുവിന്റെ നീക്കമെന്ന തോമസ് കെ തോമസിന്റെ വിമര്‍ശനങ്ങളും അദ്ദേഹം പൂര്‍ണമായി തള്ളി.
“നിയമസഭയില്‍ ഞാനും കോവൂര്‍ കുഞ്ഞിമോനും തോമസ് കെ. തോമസും ഒരു ബ്ലോക്കിലാണ് ഇരിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയൊരു ബ്ലോക്കില്ല. നിയമസഭയില്‍ ഞങ്ങള്‍ ആറ് എം.എല്‍.എമാര്‍ ഇരുന്ന് പ്രസംഗിക്കാന്‍ വേണ്ടി എഴുതിക്കൊടുക്കാറുണ്ട്. സംസാരിക്കുവാന്‍ സമയം കൊടുക്കാനാണ്. ഒരു ചോദ്യവും ഞങ്ങള്‍ മൂന്നു പേരും ക്ലബ് ചെയ്ത് ചോദിച്ചിട്ടുമില്ല. അത്തരം വിലകുറഞ്ഞ ആരോപണങ്ങളാണ് തോമസ്.കെ.തോമസ് നടത്തുന്നത്”.
“അദ്ദേഹം പ്രധാനമായും പറഞ്ഞത് മുഖ്യമന്ത്രിയെ ഞാന്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണ്. അങ്ങനെ നമ്മൾ വിചാരിച്ചാല്‍ തെറ്റിദ്ധരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന അദ്ദേഹത്തിന്റെ ബാലിശമായ വാദം അടിസ്ഥാനരഹിതമാണ്. പ്രലോഭനങ്ങളില്‍ വീഴുന്ന രാഷ്ട്രീയ നിലപാട് എന്റെ 52 വര്‍ഷത്തെ രാഷ്ട്രീയചരിത്രത്തിൽ ഒരിക്കല്‍ പോലുമുണ്ടായിട്ടില്ല. ഇനിയുണ്ടാകുകയുമില്ല. 1990 മുതല്‍ ആറു തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് എല്‍.ഡി.എഫില്‍ മാത്രമാണ്. 2016-ല്‍ യു.ഡി.എഫില്‍ നിന്ന് നിയമസഭാസീറ്റ് വാഗ്ദാനം ചെയ്തപ്പോഴും ഞാന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല”, ആന്റണി രാജു വ്യക്തമാക്കി.
അതേസമയം കോഴ ആരോപണങ്ങളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിരിച്ചുതള്ളുകയാണ് തോമസ് കെ തോമസ് ചെയ്തത്. 100 കോടി നല്‍കി ഇവരെ വാങ്ങിച്ചാല്‍ എന്തിന് കൊള്ളാമെന്ന് തോമസ് പരിഹസിച്ചു.