തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേര്‍ന്നു. തിരുവനന്തപുരത്ത് കാര്യമായ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് ശിവൻകുട്ടി പറഞ്ഞു.ക്യാമ്പുകള്‍ സജ്ജമാണെന്നും ആരെയും ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
നെടുമങ്ങാട് താലൂക്കിൽ ആറ് വീടുകൾ ഭാഗീകമായും കാട്ടാക്കടയിൽ ഒരു വീടും ഭാഗീകമായും തകർന്നു. അരുവിക്കരയിൽ അഞ്ച് ഷട്ടറുകൾ 30 സെന്‍റി മീറ്റര്‍ വീതം ഉയർത്തി, പേപ്പാറയിൽ നാലു ഷട്ടറും തുറന്നു. ജില്ലയിൽ താൽക്കാലികമായി ക്വാറി പ്രവർത്തനം തടഞ്ഞു. മലയോര മേഖലയിലേക്കുളള യാത്ര തടഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിന്‍റെ മൈലംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.