ഒക്ടോബർ ആദ്യ വാരത്തിലാണ് മിൽട്ടൻ ചുഴലിക്കാറ്റ് യുഎസ് സംസ്ഥാനം ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്തേക്ക് അടിച്ചുകയറിയത്. ഫ്ലോറിഡയെ രണ്ടാഴ്ചയ്ക്കുള്ളിൽ ആക്രമിച്ച രണ്ടാമത്തെ ചുഴലിക്കാറ്റായിരുന്നു മിൽട്ടൻ. എന്നാൽ ചുഴലിക്കാറ്റിനെക്കാൾ വലിയ കുപ്രചാരണങ്ങളുടെ കാറ്റാണ് പിന്നീട് ആഞ്ഞടിച്ചത്. മനുഷ്യനിർമിതമാണ് ഈ ചുഴലിക്കാറ്റെന്നും കാലാവസ്ഥ മൊത്തത്തിൽ എൻജിനീയറിങ് വഴി മാറ്റിമറിച്ചെന്നും റിപ്പബ്ലിക്കൻ വോട്ടർമാരെ ഒതുക്കാനായി ഒരുക്കിവിട്ടതാണെന്നുമുൾപ്പെടെ കുപ്രചാരണങ്ങൾ വായുവിലുയർന്നു. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞർ. ദുരൂഹതാ സിദ്ധാന്തങ്ങൾക്ക് നല്ല വളക്കൂറുള്ള മണ്ണാണ് യുഎസിലേത്. പല സിദ്ധാന്തങ്ങളും കേട്ടാൽ ആളുകൾ മൂക്കിൽ വിരൽവച്ചുപോകും. പലപ്പോഴും പ്രകൃതിദുരന്തങ്ങളാൽ ബാധിക്കപ്പെടുന്നവർ ഇത്തരം സിദ്ധാന്തങ്ങളിൽ കൂടുതലായി വിശ്വസിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു.
ലോകത്തിലെ ഏറ്റവും വികസിതരാജ്യമാണെങ്കിലും പ്രകൃതിദുരന്തങ്ങൾ ഇടയ്ക്കിടെ യുഎസിനെ വേട്ടയാടാറുണ്ട്. വലിയ ചുഴലിക്കൊടുങ്കാറ്റുകളും പ്രളയവുമൊക്കെ ഇതിൽ പെടും. സൈക്ലോണുകൾ, ഹരികെയ്‌നുകൾ, ടൊർണാഡോ അങ്ങനെ ചുഴലിക്കാറ്റിന്റെ തന്നെ വിവിധ വകഭേദങ്ങളും ഇതിൽ സാധാരണം. ട്വിസ്റ്റർ എന്നും അറിയപ്പെടുന്ന ടൊർണാഡോ ചുഴലിക്കാറ്റുകളും ഇടയ്ക്കിടെ യുഎസിൽ സംഭവിക്കാറുണ്ട്. തീക്ഷ്ണ സ്വഭാവമുള്ള ഈ ചുഴലിക്കൊടുങ്കാറ്റ് ഫണൽ രൂപത്തിൽ ഭ്രമണം ചെയ്തു സഞ്ചരിക്കുന്നതാണ്. സഞ്ചരിക്കുന്ന ദുരന്തവാഹിനികളാണു ടൊർണാഡോ ചുഴലിക്കാറ്റുകൾ. പോകുന്ന വഴിയെല്ലാം നാശം വിതയ്ക്കുന്ന ഇവ യുഎസിൽ വളരെ കൂടുതലാണ്. 2021ൽ മാത്രം യുഎസിൽ വിവിധ മേഖലകളിലായി 1079 ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ പറയുന്നു.
മറ്റുരാജ്യങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ടൊർണാഡോ ചുഴലിക്കാറ്റുകൾ എന്തുകൊണ്ടാണ് യുഎസിൽ ഇത്രമാത്രം തോതിൽ സംഭവിക്കുന്നത്?ലോകത്ത് മറ്റെല്ലായിടത്തും കൂടി സംഭവിക്കുന്നതിന്റെ നാലു മടങ്ങു ചുഴലിക്കാറ്റുകൾ യുഎസിൽ പ്രതിവർഷം സംഭവിക്കുന്നു. തറനിരപ്പിൽ ചൂടുള്ള വായു. ഉയർന്ന അന്തരീക്ഷത്തിൽ തണുത്ത വായു. ഇതിനിടയിൽ വിവിധ വേഗത്തിൽ വീശുന്ന കാറ്റുകൾ. ചുഴലിക്കാറ്റുകൾ ഉണ്ടാകാനുള്ള ഏറ്റവും അനുയോജ്യ സാഹചര്യങ്ങൾ ഇവയെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. ഈ സാഹചര്യങ്ങളെല്ലാം ഒത്തുചേർന്നയിടങ്ങളാണ് യുഎസിന്‌റെ ഗ്രേറ്റ് പ്ലെയിൻസ് എന്നറിയപ്പെടുന്ന സമതലങ്ങൾ. ടൊർണാഡോ ആലി എന്നാണ് ഇവ അറിയപ്പെടുന്നത്. ടെക്‌സസ് മുതൽ നോർത്ത് ഡക്കോട്ട വരെ ഇവ പരന്നു കിടക്കുന്നു. റോക്കി മൗണ്ടൻസ്, മെക്‌സിക്കൻ ഉൾക്കടൽ എന്നിവയും ടോർണാഡോയുടെ പ്രഭവത്തിനും വ്യാപനത്തിനും സഹായകമാണ്.
തെക്കുനിന്നുള്ള ചൂടുകാറ്റും, പടിഞ്ഞാറു നിന്നുള്ള തണുത്തകാറ്റും ടൊർണാഡോ ചുഴലിക്ക് അനൂകൂല സാഹചര്യം സൃഷ്ടിക്കുന്നു. യുഎസിൽ ഓരോ വർഷവും ശരാശരി 1000 ടൊർണാഡോകൾ ഉണ്ടാകുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള കാനഡയിൽ പ്രതിവർഷം 100 എണ്ണമാണ് ഉണ്ടാകുന്നത്. യുഎസിലെ പല മേഖലകളിലെയും ആളുകൾ എപ്പോഴും ചുഴലിക്കാറ്റുകൾ സംഭവിക്കാനുള്ള സാധ്യത പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. വെതർ റിപ്പോർട്ടുകൾക്കും മറ്റും അവർ എപ്പോഴും ശ്രദ്ധ നൽകുന്നു.1925ൽ യുഎസിൽ സംഭവിച്ച ട്രൈ സ്‌റ്റേറ്റ് ടൊർണാഡോയാണ് ഇതുവരെ സംഭവിച്ചതിൽ വച്ച് ഏറ്റവും കനത്ത നാശനഷ്ടം രാജ്യത്തു വരുത്തിയത്. 747 പേർ ഇതിൽപ്പെട്ടു കൊല്ലപ്പെട്ടു. 1932ൽ സംഭവിച്ച ഡീപ് സൗത്ത് ടൊർണാഡോ ഔട്ട്‌ബ്രേക്കിൽ 332 പേർ കൊല്ലപ്പെട്ടു. ടെക്‌സസ് മുതൽ സൗത്ത് കാരലീന വരെ ഇതു വീശിയടിച്ചു.
STORY HIGHLLIGHTS : hurricane-milton-florida-misinformation-conspiracy-theories