തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇതു വരെ 16 പേർ പത്രിക സമർപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. ആർ രാഹുൽ, രാഹുൽ ആർ മണലടി എന്നിവരാണ് പത്രിക നൽകിയത്. എൽഡിഎഫിന്റെ പി.സരിൻ ബിജെപിയുടെ സി.കൃഷ്ണകുമാർ എന്നിവരാണ് മത്സര രംഗത്തുള്ള മറ്റു പ്രധാന സ്ഥാനാർഥികൾ.
ഡമ്മി സ്ഥാനാർഥികളായി കെ. ബിനു മോൾ (സിപിഐഎം) കെ. പ്രമീള കുമാരി (ബിജെപി) സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ് സെൽവൻ, ആർ. രാഹുൽ , സിദ്ദീഖ്, രമേഷ് കുമാർ, എസ് സതീഷ്, ബി ഷമീർ, രാഹുൽ ആർ. മണലടി എന്നിവരാണ് വരണാധികാരിയായ പാലക്കാട് ആർഡിഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. 16സ്ഥാനാർത്ഥികൾക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് ആര്‍ഡി ഓഫീസിലെത്തി ആര്‍ഡിഒ എസ് ശ്രീജിത്ത് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
പാലക്കാട് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒപ്പമെത്തിയാണ് സരിന്‍ പത്രിക നല്‍കിയത്. സരിന് കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കൈമാറി.
വി കെ ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എംപി, എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, ഡിസിസി പ്രസിഡണ്ട് എ തങ്കപ്പന്‍ , ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം എന്നിവര്‍ക്ക് ഒപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കിയായിരുന്നു പത്രിക സമര്‍പ്പണം. മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.