പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ 9 സ്ഥാനാർത്ഥികളും വയനാട്ടിൽ 21 സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. പാലക്കാട് ഡമ്മി സ്ഥാനാർഥികളായി കെ ബിനു മോൾ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി), സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ് സെൽവൻ, രാഹുൽ ആർ, സിദ്ദീഖ്, രമേഷ് കുമാർ, എസ് സതീഷ്, ബി ഷമീർ, രാഹുൽ ആർ മണലടി വീട് എന്നിവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ചേലക്കരയിൽ 9 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി യു.ആർ. പ്രദീപ്, യു.ഡി.എഫ് സ്ഥാനാർത്ഥിയായി രമ്യ പി.എം, എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ. ബാലകൃഷ്ണനും മത്സരരംഗത്തുണ്ട്. പി.വി. അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ എൻ.കെയും പത്രിക നൽകിയിട്ടുണ്ട്. സുനിത, രാജു എം.എ, ഹരിദാസൻ, പന്തളം രാജേന്ദ്രൻ, ലിന്റേഷ് കെ.ബി എന്നിവരാണ് പത്രിക നൽകിയത്. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയിൽ സമർപ്പിച്ചത്. മുന്നണി സ്ഥാനാർഥികൾക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാൾ പത്രിക സമർപ്പിച്ചിട്ടുണ്ട്.
വയനാട്ടിൽ 21 പേരാണ് ഇതുവരെ നാമനിർദേശ പത്രിക നൽകിയത്. ആർക്കും അപരൻമാരില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നാല് പേരും നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.
എ.സീത (ബഹുജൻ ദ്രാവിഡ പാർട്ടി) , ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി) , ബാബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), എ.സി. സിനോജ് (കൺട്രി സിറ്റിസൺ പാർട്ടി) , കെ.സദാനന്ദൻ (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാർത്ഥികളായ ഇസ്മയിൽ സബിഉള്ള, സന്തോഷ് ജോസഫ്, ആർ. രാജൻ, അജിത്ത് കുമാർ.സി, ബുക്കരാജു ശ്രീനിവാസ രാജു, എ.നൂർമുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമർപ്പിച്ചത്.
പ്രിയങ്ക ഗാന്ധി(ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ്(റൈറ്റ് ടു റീകാൾ പാർട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാർട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ രുഗ്മിണി , സോനു സിങ് യാദവ് ,ഡോ. കെ പത്മരാജൻ, ഷെയ്ക്ക് ജലീൽ, ജോമോൻ ജോസഫ് സാമ്പ്രിക്കൽ എപിജെ ജുമാൻ വി.എസ് എന്നിവരാണ് മുൻ ദിവസങ്ങളിൽ ജില്ലാ കലക്ടറും ജില്ലാ വരണാധികാരിയുമായ ഡി.ആർ.മേഘശ്രീക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 28 ന് നടക്കും. ഒക്ടോബർ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാം.