ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും മുതിർന്ന ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. വികാസ്പുരിയിലെ പദയാത്രയ്ക്കിടെയാണ് ആക്രമിച്ചതെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.
കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപി ഉത്തരവാദിയെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് ഇവരെ തടഞ്ഞില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് എഎപിയുടെ ആരോപണം. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ വാർത്താ സമ്മേളനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മുദ്രാവാക്യങ്ങളുമായെത്തിയ ബിജെപി നിയോഗിച്ച ഗുണ്ടകൾ മുൻ മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആതിഷി മർലേന ആരോപിച്ചു. ഇവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നുവെങ്കിൽ വലിയ അപകടമുണ്ടായേനെ. അദ്ദേഹത്തിന് ജീവൻ വരെ നഷ്ടപ്പെടാനിടയാക്കിയേനെ. ഗുരുതര കുറ്റകൃത്യത്തിൽ ദില്ലി പൊലീസ് ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആതിഷി മർലേന ആരോപിച്ചു.