സ്ത്രീകളിലും പുരുഷന്മാരിലും പ്രായഭേദമന്യേ ഉണ്ടാകാൻ സാധ്യതയുള്ള ഒരവസ്ഥയാണ് താരന്‍. ഏറ്റവും കൂടുതൽ ആളുകളുടെ സ്വസ്ഥത കവർന്നെടുക്കുന്ന ഒരു പ്രശ്നം കൂടിയാണിത്. ശിരോചർമ്മത്തിൽ ഉണ്ടാകുന്ന കഠിനമായ ചൊറിച്ചിലും അടർന്നു പോകുന്ന വെളുത്ത നിറത്തിലുള്ള ചർമ്മകോശങ്ങൾ കാണപ്പെടുന്നതും താരന്റെ പ്രധാന ലക്ഷണമാണ്. തലയിലെ വെളുത്ത നിറത്തില്‍ പൊടി പോലെ തോന്നിക്കുന്ന താരന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വ്യാപകമാകാനും പിന്നീട് മുടി കാര്യമായ രീതിയില്‍ തന്നെ കൊഴിഞ്ഞുപോകാനും ഇടയാക്കും.
എന്താണ് താരൻ
മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നതും അഴുക്ക് അടിയുന്നതുമാണ് താരന്‍ വരാനുള്ള കാരണമായി മിക്കവരും കരുതുന്നത്. എന്നാൽ തലയോട്ടിയിലെ ശിരോചർമത്തിൽ നിർജ്ജീവ ചർമ്മകോശങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് താരൻ ഉണ്ടാകുന്നത്. ചർമ്മകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒരു സ്വാഭാവിക കേശകാല ചക്രത്തിന്റെ ഭാഗമാണ്. എന്നാൽ തലയോട്ടിയിലെ മൃത ചർമ്മ കോശങ്ങൾ അമിതമാകുന്നത് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും വർദ്ധിപ്പിക്കുന്നു.
കാരണങ്ങൾ
വൃത്തിയില്ലായ്മ മാത്രമല്ല താരന് പിന്നിലെ കാരണങ്ങൾ. പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് വൃത്തിയില്ലായ്മ. എണ്ണമയമുള്ള തലയോട്ടിയാണ് ഉള്ളതെങ്കിൽ നിങ്ങളുടെ തലമുടി ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ പലപ്പോഴും താരൻ്റെ ലക്ഷണങ്ങൾ കൂടുതലായി അനുഭവപ്പെടാം. എണ്ണയുടെ അളവ് അമിതമാകുന്നത് യീസ്റ്റ് ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഈ ബാക്ടീരിയയാണ് താരൻ ഉണ്ടാക്കുന്ന ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നത്. കൂടാതെ 16 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് പലപ്പോഴും താരൻ്റെ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. വരണ്ട ചർമ്മസ്ഥിതി, അമിതമായി ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം, അമിതമായി വിയര്‍ക്കുന്നത്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഇങ്ങനെ പല കാര്യങ്ങളും താരന് പിന്നിൽ ഉണ്ട്.
പ്രതിവിധി
മാസത്തിലൊരിക്കലെങ്കിലും താരനെ പ്രതിരോധിക്കാൻ സഹായകമായ ചികിത്സകൾ പിന്തുടരുന്നത് ഉത്തമമായിരിക്കും. താരനെ പ്രതിരോധിക്കാനായി പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കാം. സാലിസിലിക് അമ്ലമോ സെലിനിയം സൾഫൈഡോ കലർന്ന ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴുകിയാൽ ശമനം ഉണ്ടാകും. ശരിയായ പരിഹാരങ്ങളും ചികിത്സാ വിധികളും ഉപയോഗിക്കുകയാണെങ്കിൽ വളരെ വേഗത്തിൽ താരൻ ഒഴിവാക്കാനാകും.
STORY HIGHLIGHT: causes of dandruff