കൊച്ചി: ബ്ലാസ്റ്റേഴ്സിനെ സ്വന്തം ഗ്രൗണ്ടില്‍ നാണംകെടുത്തി ബംഗളൂരു എഫ്സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബംഗളൂരുവിന്റെ വിജയം. പ്രതിരോധ താരം പ്രീതം കോട്ടാലും ഗോൾകീപ്പർ സോംകുമാറും വരുത്തിയ അബദ്ധങ്ങളാണ് കൊമ്പൻമാർക്ക് വിനയായത്.
എട്ടാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹോർഹെ പെരേര ഡയസാണ് ബംഗളൂരുവിനായി ആദ്യം വലകുലുക്കിയത്. ഗോൾ വഴങ്ങിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു.
ആദ്യപകുതി അവസാനിക്കാനിരിക്കേ പെനൽറ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ബോക്സിലേക്ക് ഓടിക്കയറിയ ക്വാമി പെപ്രെയെ രാഹുൽ ഭെക്കെ വീഴ്ത്തിയതിന് റഫറി പെനൽറ്റി അനുവദിച്ചു. ബെംഗളൂരു താരങ്ങൾ പെനൽറ്റിയല്ലെന്ന് വാദിച്ചെങ്കിലും റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി നിന്നു. കിക്കെടുത്ത ഹിമെനസ് പന്ത് അനായാസം വലയിലെത്തിച്ചതോടെ കാത്തിരുന്ന സമനില ഗോളെത്തി. സീസണിൽ ബെംഗളൂരു എഫ്.സി വഴങ്ങുന്ന ആദ്യത്തെ ഗോളാണിത്.
എഡ്ഗാർ മെൻഡസിന്റെ ഇരട്ടഗോളും (74, 90+4) കൂടെ വന്നതോടെ ബംഗളൂരു എഫ്സി തകർപ്പൻ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ 57 ശതമാനവും പന്ത് കൈവശം വെച്ചിട്ടും 15 ഷോട്ടുകൾ ഉതിർത്തിട്ടും അർഹിക്കാത്ത തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്.
ജയത്തോടെ ആറ് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയും അടക്കം 16 പോയിന്റുമായി ബംഗളൂരു എഫ്സി ഒന്നാം സ്ഥാനം ഉറപ്പിച്ചു. ആറ് കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്റ്റേഴ്സ് എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്.