Sports

എമേര്‍ജിംഗ് ഏഷ്യാ കപ്പ്: സെമിയില്‍ ഇന്ത്യയെ തക‍ർത്ത് അഫ്ഗാനിസ്ഥാന്‍ ഫൈനലില്‍

മസ്കറ്റ്: ഏമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയെ 20 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ എ ഫൈനലില്‍. രണ്ടാം സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 64 റൺസെടുത്ത് അവസാന പന്തില്‍ പുറത്തായ രമണ്‍ദീപ് സിംഗാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ആയൂഷ് ബദോനി (31), നിശാന്ത് സിന്ധു (23), നെഹാൽ വ​ദേര (20) എന്നിവരൊഴകെ മറ്റുള്ളവ​ർക്കൊന്നും ബാറ്റിങ് നിരയിൽ കാര്യമായ സംഭാവന നൽകാനായില്ല. അവസാന ഓവറുകളിൽ രമൺദീപ് സിങ് നടത്തിയ ചില ഒറ്റപ്പെട്ട പ്രകടനം പ്രതീക്ഷ പകർന്നിരുന്നെങ്കിലും വിജയം എത്തി പിടിക്കാനായില്ല. അഫ്ഗാനിസ്താനുവേണ്ടി ഗസൻഫർ, അബ്ദുൽ റഹ്മാൻ റഹ്മാനി എന്നിവർ രണ്ട് വീതവും, ശറഫൂദ്ധീൻ അശ്റഫ് ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ സുബൈദ് അഖ്ബാറിയും(41 പന്തില്‍ 64), സേദിഖുള്ള അടലും(52 പന്തില്‍ 83) ചേര്‍ന്ന് 14 ഓവറില്‍ 137 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കി. മൂന്നാം നമ്പറിലെത്തിയ കരീം ജന്നത്തും(20 പന്തില്‍ 41) തകര്‍ത്തടിച്ചതോടെ അഫ്ഗാന്‍ 200 കടന്നു. ഏഴ് പന്തില്‍ 12 റണ്‍സെടുത്ത മുഹമ്മദ് ഇഷാഖും അഫ്ഗാന്‍ സ്കോറിലേക്ക് സംഭാവന നല്‍കി. ഇന്ത്യക്കായി റാസിക് സലാം മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി.