തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത. മഴയ്ക്കൊപ്പം മിന്നലും കാറ്റുമുണ്ടാകും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും നാളെയും യെലോ അലർട്ട് തുടരും. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ, തെക്കൻ കേരളത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണു മഴ ശക്തിപ്രാപിക്കാൻ കാരണം.
ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണം. നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതിനാൽ വെള്ളത്തിൽ ഇറങ്ങുന്നത് ഒഴിവാക്കണം. ഉയർന്ന വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്രകളും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജില്ല,താലൂക്ക്തല കൺട്രോൾ റൂമുകൾ തുറന്നു. ടോൾ ഫ്രീ നമ്പർ–1077,1070.