ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 3 ആയി. പാക്ക് ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് സൈന്യം വ്യക്തമാക്കി. വനത്തിൽ ഒളിച്ച ഭീകരരെ കണ്ടെത്താൻ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് നിയന്ത്രണ രേഖയോടു ചേർന്ന പ്രദേശത്ത് ശക്തമായ തിരച്ചിൽ നടക്കുകയാണ്.
വ്യാഴാഴ്ച വൈകിട്ട് ബോട്ട പത്രി മേഖലയിൽ സൈനിക വാഹനത്തിനു നേരെ നടന്ന ആക്രമണത്തിൽ 2 സൈനികർക്കൊപ്പം 2 ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ള നൗഷേര സ്വദേശി മുഷ്താഖ്, ഉറി സ്വദേശി സഹൂർ അഹമ്മദ് മിർ എന്നിവരാണ് മരിച്ച തൊഴിലാളികൾ. സൈനികരിൽ ഒരാൾ അനന്ത്നാഗ് സ്വദേശിയും മറ്റൊരാൾ സിർസ സ്വദേശിയുമാണ്. പരുക്കേറ്റ 2 സൈനികരടക്കം 3 പേരെ ആശുപത്രിയിലേക്ക് മാറ്റി.
പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ആക്രമണം നടന്നത്. 19 പേർ സഞ്ചരിച്ച സൈനിക വാഹനത്തിനു നേരെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. പ്രശസ്ത വിനോദ സഞ്ചാര മേഖലയായ ഗുൽമാർഗിന് 6 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്.