സ്ത്രീകളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും സാധാരണമായ ക്യാന്‍സറായി സത്‌നാര്‍ബുദം മാറി. നിലവില്‍ രാജ്യത്ത് 30നും 40നും ഇടയിലുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് സ്തനാർബുദം. ആഗോളതലത്തിൽ തന്നെ ശ്വാസകോശാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനം സ്തനാർബുദത്തിനാണ്. സ്തനാർബുദം ലോകത്ത് നിരവധി പേരെ ബാധിക്കുന്ന അസുഖമായതിനാൽ തന്നെ പലപ്പോഴും ഇതെക്കുറിച്ച് തെറ്റിദ്ധാരണകളും ഏറെയാണ്. ആരംഭഘട്ടത്തിൽ തന്നെ ചികിത്സ തേടണമെങ്കിൽ രോഗലക്ഷണങ്ങൾ ആദ്യം മനസ്സിലാക്കണം.
എന്താണ് സ്തനാർബുദം?
സ്തനത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് സ്തനാർബുദം. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്തനാർബുദം പ്രാഥമികമായി സ്ത്രീകളെയാണ് ബാധിക്കുന്നതെങ്കിലും പുരുഷന്മാരെയും ഈ രോഗം ബാധിക്കാറുണ്ട്. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ വളരെ എളുപ്പമാണ്.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ
ഈ രോഗത്തെ ഫലപ്രദമായി ചെറുക്കണമെങ്കിൽ പ്രാരംഭാവസ്ഥയിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയണം. വീര്‍ത്ത സ്തനങ്ങള്‍ അല്ലെങ്കില്‍ മുഴയോട് കൂടിയ സ്തനങ്ങള്‍, സ്തനങ്ങളിലെ തൊലി പോകുക, മുലക്കണ്ണിലെ വേദന അല്ലെങ്കില്‍ മുലക്കണ്ണ് പിന്‍വലിയുക, സ്തന ചര്‍മ്മം വരണ്ടതോ ചുവന്നതോ ആകുക, മുലക്കണ്ണില്‍ നിന്ന് സ്രവങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. പ്രധാനമായും സ്തനാകൃതിയില്‍ വരുന്ന മാറ്റം, ആർത്തവത്തോട് അനുബന്ധിച്ചല്ലാതെ സ്തനങ്ങൾക്കുണ്ടാകുന്ന വേദന, സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങൾ, മുലക്കണ്ണ് അകത്തേയ്ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളും ഈ രോഗാവസ്ഥയിൽ പ്രധാനമാണ്. സ്തനങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് സ്തനാർബുദ ലക്ഷണങ്ങൾ കണ്ടെത്തുന്നതിൽ പ്രധാനം. ആരംഭത്തിൽ തന്നെ രോഗനിർണ്ണയം നടത്തിയാൽ സ്തനാർബുദം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം.
സ്വയം പരിശോധന എങ്ങനെ നടത്താം?
പ്രാരംഭാവസ്ഥയിൽ തന്നെ സ്തനാർബുദം കണ്ടുപിടിക്കാൻ ഏറ്റവും മികച്ച മാർഗം സ്വയം പരിശോധന നടത്തുന്നതാണ്. 20 വയസ്സ് കഴിഞ്ഞ എല്ലാവരും ആർത്തവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മാസത്തിലൊരിക്കലും നിർബന്ധമായും സ്വയം സ്തന പരിശോധന നടത്തണം. ഒന്നാമതായി കണ്ണാടിക്ക് മുമ്പിൽ നിന്ന് കൊണ്ട് ഇരു മാറിടങ്ങളും സൂക്ഷ്‌മമായി പരിശോധിക്കണം. രണ്ട് സ്തനങ്ങളിലും കൈവിരലുകൾ കൊണ്ട് സ്പർശിച്ച് മാറ്റങ്ങൾ ഉണ്ടെങ്കിൽ അവ തിരിച്ചറിയാൻ ശ്രമിക്കുക. വലത് കൈവിരലുകൾ ഉപയോഗിച്ച് ഇടത്തെ സ്തനത്തിലും ഇടത് വിരലുകൾ ഉപയോഗിച്ച് വലത്തെ സ്തനത്തിലും പരിശോധന നടത്താം. സ്തനത്തിന് ചുറ്റും വിരലുകൾ കൊണ്ട് മൃദുവായി അമർത്തി വൃത്താകൃതിയിൽ ചലിപ്പിച്ച് പരിശോധിക്കാം. ഏതെങ്കിലും വിധത്തിലുള്ള തടിപ്പോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് നോക്കേണ്ടത്. സ്തനപരിശോധന നിന്ന് മാത്രമല്ല, കിടന്നും ചെയ്യാം. മുലക്കണ്ണിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ച് സ്തനം മുഴുവൻ പരിശോധിക്കുക. കക്ഷത്തിന്റെ ഭാഗവും പരിശോധിക്കണം. എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം.
മാമോഗ്രാം
സ്തനാർബുദം കണ്ടുപിടിക്കാനുള്ള ആദ്യപടിയാണ് സ്വയം പരിശോധന. എന്നാൽ സ്തനാർബുദം കണ്ടുപിടിക്കാൻ സഹായിക്കുന്ന മെഡിക്കൽ രീതിയാണ് മാമോഗ്രാം. സ്തനങ്ങളുടെ എക്‌സ്‌റേയാണ് മാമോഗ്രാം എന്ന് വേണമെങ്കിൽ ലളിതമായി പറയാം. ഇതിലൂടെ സ്തനങ്ങളിലെ വ്യതിയാനങ്ങളെല്ലാം കണ്ടുപിടിക്കാൻ കഴിയും. മാത്രമല്ല മാമോഗ്രാം ചെയ്യുന്നതിലൂടെ ക്യാൻസർ സാധ്യതകളും കണ്ടെത്താം. നാൽപ്പത് വയസ്സിന് ശേഷം എല്ലാ വർഷവും മുടങ്ങാതെ മാമോഗ്രാം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടുന്നത്.
സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമായി കാണാൻ കഴിയില്ല. രോഗലക്ഷങ്ങൾ ശ്രദ്ധിച്ചാൽ ഉടനെ ഡോക്ടറെ കാണുകയും ആവശ്യമെങ്കിൽ നിർദ്ദേശങ്ങൾ അനുസരിച്ചു തുടർന്നുള്ള ടെസ്റ്റുകളും ചികിത്സകളും ചെയ്യേണ്ടതുമാണ്.
STORY HIGHLIGHT: everything you need to know about breast cancer