ഒറ്റയിടത്ത് പത്ത് വെള്ളച്ചാട്ടം.. പിന്നെ കുളിയും കുട്ടവഞ്ചി യാത്രയും..
ആര്‍ത്തലച്ച് പതിക്കുന്ന വെള്ളച്ചാട്ടം… പാറക്കെട്ടുകളിലൂടെ പലയിടത്തു നിന്നായി ഒഴുകിയെത്തി ഒരു പ്രദേശത്തിന്റെ പല ഭാഗത്ത് പതിക്കുന്ന കാഴ്ച തന്നെ വേറൊരു രസമാണ്.
വെള്ളച്ചാട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഒരിടത്തു നിന്നു കണ്ടു പോകുന്ന പതിവ് കാഴ്ച ഇവിടെ നടക്കില്ല. അത്രയധികമുണ്ട് ഇവിടെ കണ്ടുതീര്‍ക്കുവാൻ. ഒപ്പം കൗതുകം കൂട്ടാനായി പാറക്കെട്ടുകള്‍ക്കിടയിലൂടെ കുട്ടവഞ്ചി യാത്രകളും. ഇപ്പോള്‍ സ്ഥലം ഏകദേശം പിടികിട്ടിയില്ലേ… അതേ.. നമ്മുടെ ഹൊഗനക്കല്‍ വെള്ളച്ചാട്ടം തന്നെ.
ബാംഗ്ലൂരില്‍ നിന്ന് ഒരു ഏകദിന യാത്ര പ്ലാൻ ചെയ്യുമ്ബോള്‍ മനസ്സില്‍ ആഗ്രഹിക്കുന്ന ലോങ് ഡ്രൈവ്- എന്നാലോ അധികം അകലെയല്ലാതെ, മികച്ച കാഴ്ചകളും കിടിലൻ വ്യൂവും ഒക്കെ ചേരുന്ന ഒരിടം. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നായ ഹൊഗനക്കല്‍ വെള്ളച്ചാട്ടം തമിഴ്നാടിന്റെ ഭാഗമാണ്
ദക്ഷിണേന്ത്യയുടെ നയാഗ്ര എന്നു സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തെ വിളിക്കാറുണ്ട്.
ഒഴുകിയെത്തുന്ന കാവേരി ആര്‍ത്തലച്ചുവീഴുന്ന ഹൊഗെനക്കല്‍, ആരും കൊതിക്കുന്ന കാഴ്‌ചകള്‍ ആണ് സമ്മാനിക്കുന്നത്. ഏതു സീസണിലും ധൈര്യമായി വരാം എന്നതാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണിത്.
പാറക്കെട്ടുകളിലേക്ക് വെള്ളം വന്നു വീഴുമ്പോള്‍ കാണാൻ പുക ഉയരുന്നത് പോലെയാണ്. ആ കാഴ്‌ചയാണ് കന്നഡയില്‍ ഹൊഗെനെക്കല്‍ എന്ന പേര് വന്നതെന്ന് ഇവിടുത്തുകാര്‍ പറയുന്നു. തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയുടെ ഭാഗമായി, കാവേരി നദിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. കര്‍ണ്ണാടകയുടെ മൈസൂരിനെ ചാമരാജനഗര്‍ ജില്ലയോടും ഇത് അതിര്‍ത്തി പങ്കിടുന്നു
ആരോ കൃത്യമായി കൊത്തിച്ചീന്തി വെച്ചപോലുള്ള പാറക്കെട്ടിലൂടെ പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ കാഴ്ച. ഇങ്ങനെ താഴേക്ക് പതിക്കുന്ന വെള്ളം പുക പോലെ തോന്നിക്കുമത്രെ.
മാത്രമല്ല, ഈ പാറകളുടെ പ്രത്യേകമായ രൂപഭംഗിയും ഹൊഗേനക്കല്‍ എന്ന പേരിനു കാരണമായിട്ടുണ്ടെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. പുകവലി പാറകള്‍ അല്ലെങ്കില്‍ പുക മൂടിയ പാറക്കൂട്ടം എന്നാണത്രെ ഹൊഗനക്കല്‍ എന്ന വാക്കിനര്‍ത്ഥം. പാറയുടെ രൂപയായാലും പതഞ്ഞ് പുകപോലോ കാണുന്ന വെള്ളച്ചാട്ടമായാലും പേരും കാഴ്ചയും ഒന്നിനൊന്ന് മെച്ചം തന്നെയാണ്.
ഒരു കൂട്ടം വെള്ളച്ചാട്ടങ്ങളാണ് ഇവിടെ കാണാനുള്ളത്. ഒരു സ്ഥലത്തു തന്നെ പത്തെണ്ണം വരെ കാണാനും സാധിക്കും. മഴക്കാലത്താണ് ഇതിന്റെ ഭംഗി ഏറ്റവും പൂര്‍ണ്ണമാകുന്നത്. ആര്‍ത്തലച്ച് പതിക്കുന്ന വെള്ളച്ചാട്ടം പക്ഷേ സജീവമാകാൻ ചെറിയൊരു മഴയുടെ ആവശ്യമേ ഉള്ളൂ. വേനലില്‍ വെള്ളച്ചാട്ടങ്ങളുടെ അടുത്തു വരെ പോകാം.
കുട്ടവഞ്ചി സവാരിയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. തുഴച്ചില്‍ക്കാരനൊപ്പം നാലു പേര്‍ക്കും കൂടി വഞ്ചിയി്ല്‍ കയറാം. പാറക്കെട്ടുകള്‍ക്കിടയിലൂടെ നദിയിലെ കാഴ്ചകളെല്ലാം കണ്ട് ഒരു മണിക്കൂര്‍ നേരമാണ് സവാരി നടത്താൻ കഴിയുക. ഒഴുക്ക് കുറവുള്ള സമയമാണെങ്കില്‍ വെള്ളം പതിക്കുന്നതിന്റെ താഴെ പോയി നനയുവാനും സാധിക്കും. എട്ട് ആളുകള്‍ക്ക് വരെ കയറാൻ പറ്റുന്ന കുട്ടവഞ്ചികളും ഉണ്ട്.
വെള്ളത്തിലിറങ്ങി ഒന്നു നനഞ്ഞു കയറിക്കഴിഞ്ഞാല്‍ നല്ല ചൂട് മീൻ വറുത്തത് കഴിക്കാം. തിലോപ്പിയ, രോഹു, വരാൽ എന്നിവയൊക്കെ പിടിച്ച് മുളക് പുരട്ടി വറക്കാൻ വെച്ചിരിക്കുന്നതും വറത്തുകോരി വെച്ചിരിക്കുന്നതുമാണ് ഇവിടുത്തെ അടുത്ത ആകര്‍ഷണം.
ബാംഗ്ലൂരിൽ നിന്നും ഹൊഗേനക്കല്‍ സ്ഥിതി ചെയ്യുന്നത് കുറച്ചക്കലെ ആണ്. ഏകദേശം നാല് മണിക്കൂര്‍ വേണം ഇവിടേക്ക് എത്താൻ. അതിരാവിലെ ഇറങ്ങിയാല്‍ വലിയ വെയില്‍ വരുന്നതിനു മുൻപേ ഇവിടെയെത്താം.