ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഢിപ്പിച്ചു കേസിൽ ചിത്രകല അധ്യാപകനെ 12 വർഷം കഠിന തടവും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പാങ്ങപ്പാറ്റ സ്വദേശിയായ രാജേദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.
2023 മെയ് മാസം മുതൽ ജൂൺ 25 വരെയാണ് അയൽവാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ വന്നത്. പഠിപ്പിക്കാൻ വന്നിരുന്ന കാലയളവിൽ പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തടവുകയും കുട്ടിയുടെ നെഞ്ചിൽ നുള്ളുകയും ചെയ്യുമായിരുന്നു. പ്രതി അവസാനമായി പഠിപ്പിക്കാൻ വന്നത് ജൂൺ 25ാം തിയതിയാണ്. അന്ന് പ്രതി മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാം എന്ന് പറഞ്ഞ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയായിരുന്നു.
പല തവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടിച്ചു പുറത്ത് പറഞ്ഞില്ല. ഒടുവിൽ സഹികെട്ടാണ് പീഡന വിവരം അമ്മയോട് വെളിപെടുത്തിയത്. തുടർന്നാണ് വീട്ടുകാർ ശ്രീകാര്യം പോലീസിനോട് വിവരം അറിയിച്ചത്.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും ഹാജരാക്കി. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. കെ. ശശികുമാർ , ആശ ചന്ദ്രൻ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.
CONTENT HIGH LIGHTS;6th Class student molested by teaching her to draw human body: Art teacher sentenced to 12 years rigorous imprisonment and fined Rs 20,000