Kerala

തലസ്ഥാനത്ത് ജലവിതരണം തടസ്സപ്പെടും; ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധസ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടുവെള്ള വിതരണം തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ ആല്‍ത്തറ വഴുതക്കാട് റോഡില്‍ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി നടത്തുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ പൂര്‍ണമായും എന്നാല്‍ ചില സ്ഥലങ്ങൡ ഭാഗികമായും ജലവിതരണം തടസ്സപ്പെടും.

നവംബര്‍ 2-ാം തീയ്യതി രാവിലെ എട്ടു മണി മുതല്‍ 3-ാം തീയ്യതി രാവിലെ എട്ടു മണി വരെ പാളയം, സ്റ്റാച്യു എം.ജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട് എകെജി സെന്ററിനു സമീപം, ലോ കോളേജ്, കുന്നുകുഴി, വെള്ളയമ്പലം, ആല്‍ത്തറ, സി.എസ്.എം നഗര്‍ പ്രദേശങ്ങള്‍, വഴുതക്കാട്, കോട്ടണ്‍ഹില്‍, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങള്‍, ഇടപ്പഴിഞ്ഞി കെ അനിരുദ്ധന്‍ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കൂടെ, വലിയശാല എന്നിടങ്ങളില്‍ പൂര്‍ണമായും ജലവിതരണം തടസ്സപ്പെടും.

ജനറല്‍ ഹോസ്പിറ്റല്‍, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം, കുമാരപുരം അണമുഖി, കണ്ണമ്മൂല, എന്നീ സ്ഥലങ്ങളില്‍ ഭാഗികമായി ജലവിതരണം തടസ്സപ്പെടും. പ്രദേശവാസികള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.