Kerala

വിഴിഞ്ഞത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വിഴിഞ്ഞം സ്വദേശിയുടേതെന്ന് പോലീസ്

വിഴിഞ്ഞം: വിഴിഞ്ഞത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് തലയോട്ടി ഉള്‍പ്പെട്ട അസ്ഥികൂടം കണ്ടെത്തിയത്. കോട്ടുകാല്‍ പുന്നക്കുളം നെട്ടത്താനം കുരുവിതോട്ടം എ.ജെ. ഭവനില്‍ കൃഷ്ണ്‍കുട്ടി(60)യുടെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.

രണ്ടരമാസം മുന്‍പാണ് കൃഷ്ണന്‍കുട്ടിയെ കാണാതാകുന്നത്. വിശദമായ പരിശോധനയില്‍ അസ്ഥികൂടത്തിന്റെ സമീപത്ത് നിന്നും പച്ചനിറമുള്ള ഷര്‍ട്ടും മുണ്ടും കണ്ടെത്തി. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന പേഴ്‌സില്‍ നിന്ന് ക്യഷ്ണന്‍കുട്ടിയുടെ ആധാര്‍കാര്‍ഡ് പോലീസ് കണ്ടെടുത്തിരുന്നു. അതോടെയാണ് അസ്ഥികൂടം കാണാതായ കൃഷ്ണന്‍കുട്ടിയുടേതാണെന്ന പ്രാഥമിക സ്ഥിരീകരണത്തില്‍ പോലീസ് എത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് 29-നായിരുന്നു കൃഷ്ണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്.