പാലക്കാട്: പാലക്കാട് ഡിസിസി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്. കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്ന് കത്തില്‍ പറയുന്നു.
‘കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ കെ മുരളീധരനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി. സിപിഐഎമ്മിലെ സഹതാപ വോട്ട് അടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകളും ഏകീകരിക്കാന്‍ കെ മുരളീധരന് കഴിയും. മണ്ഡലത്തിലെ എല്ലാ വിഭാഗം വോട്ടര്‍മാരുടെയും സമൂഹത്തിന്റെയും അടിത്തട്ടിലെ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടേയും സ്പന്ദനവും അഭിപ്രായവും പഠിച്ചാണ് കെ മുരളീധരന്റെ പേര് നിര്‍ദേശിക്കുന്നത്’ എന്നിങ്ങനെ കത്തില്‍ പറയുന്നു.
ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് കത്തയച്ചിരിക്കുന്നത്.