കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടാറുളള ഒരു പ്രശ്നമാണ് വായ്പ്പുണ്ണ്. അതുകൊണ്ട് തന്നെ ഇതിന്റെ ബുദ്ധിമുട്ടുകൾ നേരിടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അധിക ദിവസം നീണ്ടു നില്‍ക്കാറില്ലെങ്കിലും വായ്പ്പുണ്ണിന്റെ വേദന അസഹനീയമാണ്. ആ സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചൂടുകാലത്താണ് വായ്പ്പുണ്ണ് കൂടുതലും വരുന്നത്. ഇത് വരുന്നതിന് പല കാരണങ്ങൾ ഉണ്ടാകുന്നു.
വായ്പുണ്ണ് പൊതുവേ വൃത്താകൃതിയിലും വെളുപ്പ്, തവിട്ട്, മഞ്ഞ നിറങ്ങളിലും അഗ്രഭാഗം ചുവപ്പുനിറത്തിലുമാണ് കാണുന്നത്. കവിൾ, ചുണ്ട്, നാവിന്റെ അടിഭാഗം, അണ്ണാക്കിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്.
വായ്പ്പുണ്ണ് കാരണങ്ങൾ
ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അഭാവമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. മാത്രമല്ല അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. അതുപോലെ എന്തെങ്കിലും അണുബാധ മൂലമോ, വിളര്‍ച്ച മൂലമോ മാനസിക സമ്മര്‍ദ്ദം മൂലവുമൊക്കെ ഇവ ഉണ്ടാകാം. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന നീർവീക്കം, ഉദര രോഗങ്ങള്‍ തുടങ്ങിയവ മൂലവും വായ്പ്പുണ്ണ് വരാം. ക്യത്യമായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.
വായ്പ്പുണ്ണ് മാറാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം
സാധാരണയായി വരുന്ന വായ്പ്പുണ്ണ് പ്രശ്നങ്ങൾ ചികിത്സകളൊന്നുമില്ലാതെ മാറ്റിയെടുക്കാവുന്നതാണ്.പൊതുവേ തീവ്രത കുറഞ്ഞ വായ്പുണ്ണുകൾ മൈനർ മൗത്ത് അൾസർ എന്നാണ് അറിയപ്പെടുന്നത്. ദന്തശുചിത്വം നന്നായി പാലിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്, ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുന്നത്, വായ്പ്പുണ്ണുള്ള സമയങ്ങളില്‍ നല്ല പുളിയുള്ള മോര് കഴിക്കുന്നത്, വായ്പ്പുണ്ണായ വ്രണങ്ങളില്‍ തേന്‍ പുരട്ടുന്നത് ഇവയെല്ലാം വായ്പ്പുണ്ണ് ഭേദമാക്കാൻ സഹായിക്കുന്നതാണ്. കൂടാതെ പുകവലിയും മദ്യപാനവും ചിലരില്‍ വായ്പുണ്ണിലേക്ക് നയിക്കും. അതിനാല്‍ ഈ ശീലങ്ങൾ പരമാവധി ഒഴിവാക്കാം.
അര്‍ബുദം ആണോ എന്നെങ്ങനെ മനസിലാക്കും
മൂന്നാഴ്ചയില്‍ കൂടുതല്‍ മാറാതിരിക്കുന്ന വായ്പുണ്ണുകൾ, ചുമന്നതോ വെളുത്തതോ ആയ പാടുകള്‍, വായുടെ ഉള്ളില്‍ മൂന്ന് ആഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന മുഴകൾ എന്നിവയുടെ അസ്വസ്ഥതകൾ പ്രകടമാക്കുകയാണെങ്കിൽ ഉടൻ വൈദ്യ സഹായം തേടുക. ആഹാരം ഇറക്കുമ്പോൾ ബുദ്ധിമുട്ട്, തൂക്കം കുറയുക, തീര വിശപ്പില്ലായ്മ എല്ലാം കാൻസറിന്റെ സൂചനകളാണ്.
STORY HIGHLIGHT: mouth ulcers causes and home remedies