പാലക്കാട് ഡിസിസി, നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെയാണെന്ന കത്ത് പുറത്ത്ുവന്നതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്താണ് പുറത്ത് വന്നത്.
‘കെ. മുരളീധരന് കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കാന്‍ യോഗ്യനായ വ്യക്തി തന്നെയാണ്. യുഡിഎഫിനകത്ത് ഇത്തരത്തില്‍ പല പേരുകളും പരിഗണിക്കപ്പെട്ടിട്ടുണ്ടാകാം. അത് നേതൃത്വത്തിന് അറിയുന്ന കാര്യമാണ്. ആ കത്ത് ഞാന്‍ കണ്ടിട്ടില്ല, അതിലെ വിശദാംശങ്ങളും അറിയില്ല. മുരളീധരന്റെ പേര് വന്നിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുരളീധരനെ പോയി കണ്ടതാണ്. ഇതിലൊക്കെ എന്താണ് വാര്‍ത്താ പ്രധാന്യമെന്ന് മനസിലാകുന്നില്ല. ആ കത്തില്‍ ഞാന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ അത് ഗൗരവമായ കാര്യമാണ്’. രാഹുല്‍ പറഞ്ഞു.
കത്തിലെ വിശദാംശങ്ങള്‍
‘കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ കെ മുരളീധരനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി. സിപിഐഎമ്മിലെ സഹതാപ വോട്ട് അടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകളും ഏകീകരിക്കാന്‍ കെ മുരളീധരന് കഴിയും. മണ്ഡലത്തിലെ എല്ലാ വിഭാഗം വോട്ടര്‍മാരുടെയും സമൂഹത്തിന്റെയും അടിത്തട്ടിലെ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടേയും സ്പന്ദനവും അഭിപ്രായവും പഠിച്ചാണ് കെ മുരളീധരന്റെ പേര് നിര്‍ദേശിക്കുന്നത്’ എന്നിങ്ങനെ കത്തില്‍ പറയുന്നു.
ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് കത്തയച്ചിരിക്കുന്നത്.