ജറുസലം: വടക്കൻ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ വീടുകൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ബെയ്റ്റ് ലഹിയ പട്ടണത്തിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ആഴ്ചയായി നടക്കുന്ന ആക്രമണത്തിൽ വടക്കൻ ഗാസയിലെ ജബാലിയ, ബെയ്റ്റ് ഹനൗൺ, ബെയ്റ്റ് ലഹിയ എന്നീ പട്ടണങ്ങളിൽ ഇസ്രയേൽ സൈനികാക്രമണത്തിൽ ഇതുവരെ 800 റോളം പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
അതേസമയം, വടക്കൻ ഗാസയിലെ കമൽ അദ്വാൻ ആശുപത്രിയിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങി. വെള്ളിയാഴ്ച കമൽ അദ്വാൻ ആശുപത്രിയിൽ കടന്ന ഇസ്രയേൽ സൈന്യം ഒരു ദിവസത്തിനു ശേഷമാണ് പിൻവാങ്ങിയത്. ആശുപത്രിയിൽ നിന്ന് ആരോഗ്യപ്രവർത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുത്തിരുന്നു. 70 ജീവനക്കാരിൽ 44 പേരെയാണു കസ്റ്റഡിയിലെടുത്തത്. ആശുപത്രി ഡയറക്ടർ അടക്കം 14 പേരെ പിന്നീടു വിട്ടയച്ചു. മേഖലയിൽ പ്രവർത്തനക്ഷമമായ 3 ആശുപത്രികളിലൊന്നാണിത്.