തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി ഒഴിവുള്ള സിവിൽ പൊലീസ് ഓഫിസർ തസ്തികകൾ റിപ്പോർട്ട് ചെയ്തുതുടങ്ങി. ഏഴ് ബറ്റാലിയനുകളിലായി 1879 ഒഴിവുകളാണ് പൊലീസ് ആസ്ഥാനത്തുനിന്ന് പിഎസ്സിയിലേക്ക് റിപ്പോർട്ട് ചെയ്തത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആറുമാസം പിന്നിട്ടപ്പോഴാണ് നടപടി.
കേരളത്തിലെ സിവിൽ പൊലീസ് ഓഫിസർ തസ്തികകളിൽ കഴിഞ്ഞ കുറെ നാളുകളായി നിയമനങ്ങൾ നടക്കുന്നത് വളരെ വിരളമായിരുന്നു. കഴിഞ്ഞ റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ 63 ദിവസം തുടർച്ചയായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിയിട്ടും വിഷയത്തിന് പരിഹാരമായിരുന്നില്ല. ഏറ്റവും ഒടുവിലായി വന്ന റാങ്ക് പട്ടികയുടെ കാലാവധിയിൽ ആറുമാസം കഴിഞ്ഞിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പൊലീസ് ആസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഉദ്യോഗാർത്ഥികളുടെ ഈ ആശങ്ക വാർത്തയായതോടെ പ്രതിപക്ഷം ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു.
ഒടുവിൽ പരിഹാരശ്രമങ്ങൾ സർക്കാർ തുടങ്ങി. സംസ്ഥാനത്തെ ഏഴ് ബറ്റാലിയനുകളിലായി 1879 ഒഴിവുകളാണ് പൊലീസ് ആസ്ഥാനത്തുനിന്ന് പിഎസ്സിയിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവുമധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ബറ്റാലിയനിൽ നിന്നാണ്, 389.
സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിലായി സപ്ലിമെന്ററി ലിസ്റ്റടക്കം 7614 ഉദ്യോഗാർഥികളാണ് നിയമനം കാത്തിരിക്കുന്നത്. ഇനി ആറുമാസം കൂടിയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ബാക്കിയുള്ളത്. പൊലീസ് സേനയിൽ അംഗബലം കൂട്ടണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശിപാർശ സർക്കാരിന് മുന്നിലെത്തിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ഈ ശിപാർശ ധനവകുപ്പ് തള്ളിയതോടെയാണ് നിയമനങ്ങൾ ഇഴഞ്ഞത്.