തിരുവനന്തപുരം: പി.പി ദിവ്യ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കരിക്കുലം കമ്മിറ്റിയിൽ തുടരുന്നതിൽ വിവാദം. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അക്കാദമിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന കമ്മിറ്റിയിൽ ഇത്തരമൊരു കേസിലെ പ്രതിയെ നിലനിർത്തുന്നതു ശരിയല്ലെന്നാണു പ്രതിപക്ഷ അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ താൽപര്യം നോക്കി സംരക്ഷിക്കാതെ എത്രയും വേഗം ദിവ്യയെ ഈ കമ്മിറ്റിയിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
തദ്ദേശ സ്ഥാപന മേധാവികളുടെ പ്രതിനിധിയായാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യയെ കരിക്കുലം കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ദിവ്യയെ ഉടൻ ഈ സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ കുളത്തൂർ ജയ്സിങ് ചീഫ് സെക്രട്ടറിക്കു പരാതി നൽകി. കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.