കൊൽക്കത്ത: ദാന ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം നാലായി. പൊലീസിനൊപ്പം രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഒരു സന്നദ്ധപ്രവർത്തകനും ഹൗറ കോർപറേഷനിലെ ഒരു ജീവനക്കാരനുമാണ് ഇന്നലെ മരിച്ചത്. ബംഗാളിലും ഒഡീഷയിലും മഴയുടെ ശക്തി കുറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ബംഗാളിലും ഒഡീഷയിലും ആഞ്ഞടിച്ച ദാന കിഴക്കൻ തീരങ്ങളിൽ കനത്ത നാശമുണ്ടാക്കി. കനത്ത മഴയും കാറ്റും മൂലം ഇരു സംസ്ഥാനങ്ങളിലും ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. മരങ്ങൾ കടപുഴകി. വൈദ്യുതിവിതരണ സംവിധാനം താറുമാറായി. ഒഡീഷയിൽ 1.75 ലക്ഷം ഏക്കർ കൃഷി നശിച്ചതായി മുഖ്യമന്ത്രി മോഹൻ ചരൺ മാഝി അറിയിച്ചു.
2.8 ലക്ഷം ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിലായി. 22.42 ലക്ഷം വീടുകൾക്ക് കേടുപറ്റി. 8 ലക്ഷം ആളുകൾ ദുരിതാശ്വാസകേന്ദ്രങ്ങളിലുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ 4 സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.