ന്യൂഡൽഹി: ഹെൽമറ്റ് വച്ചാൽ മാത്രം പോരാ, അത് നിലവാരമുള്ളതുമാകണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. നിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉണ്ടാക്കുന്ന നിർമാതാക്കൾക്കും ചില്ലറ വ്യാപാരികൾക്കും എതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് എല്ലാ ജില്ലാ കലക്ടർമാർക്കും കത്തയച്ചു.
വാഹന പരിശോധനയിൽ ഇരുചക്ര വാഹനയാത്രക്കാരുടെ ഹെൽമറ്റ് പരിശോധിക്കാനും നിലവാരമില്ലാത്ത ഹെൽമറ്റ് ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്താനും നിർദേശമുണ്ട്. എന്നാൽ വാഹനയാത്രക്കാർക്കെതിരെ കേസെടുക്കുകയോ കേസെടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്യില്ല. ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത ഹെൽമറ്റുകൾ റോഡരികിൽ വ്യാപകമായി വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. ഹെൽമറ്റിന്റെ ശേഷി അതിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നെന്നും നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ സംരക്ഷണം നൽകില്ല– കത്തിൽ പറയുന്നു. ജില്ലാ പൊലീസ്, ബിഐഎസ് ഫീൽഡ് ഓഫിസർമാരുമായി സഹകരിച്ച് ക്യാംപെയ്ൻ നടത്താനാണ് ജില്ലാ കലക്ടർമാരോട് നിർദേശിച്ചിട്ടുള്ളത്.