യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ പൊതുവേ ലോകം മുഴുവനും, എല്ലായിടവും സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവരാകും. എന്നാല്‍ എത്ര തന്നെ ആഗ്രഹിച്ചാലും പല കാരണങ്ങളാല്‍ ഈ പ്രദേശങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. വിനോദസഞ്ചാരികള്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങള്‍ ലോകമെമ്പാടുമുണ്ട്. അതിന് പ്രധാന കാരണം അവ അപകടകരമാണ് അല്ലെങ്കില്‍ മറ്റ് വിചിത്രമായ കാരണങ്ങളാലോ നിഗൂഢതകളാലോ മറഞ്ഞിരിക്കുന്നു അല്ലെങ്കില്‍ ഇപ്പോഴും പര്യവേക്ഷണം ചെയ്യപ്പെടാത്തവയാണ്. എത്ര വലിയ സഞ്ചാരികളായാലും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭൂമിയിലെ ചില ‘വിലക്കപ്പെട്ട’ സ്ഥലങ്ങള്‍ അറിയാം:
ആര്‍ക്കും ഒരിക്കലും സന്ദര്‍ശിക്കാന്‍ പാടില്ലാത്ത നിരോധിത ദ്വീപുകളില്‍ ഒന്നാണ് ആന്‍ഡമാന്‍ നിക്കോബാറിലെ മനോഹരമായ നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ആധുനിക ലോകം ഇപ്പോഴും തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് ഇവിടുത്തെ ആളുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്ക് പുറംലോകത്തെക്കുറിച്ച് ഒന്നും അറിയില്ല. ആധുനിക മനുഷ്യരുമായി ഇടപ്പെട്ടാല്‍, ഇതുവരെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത ഇവിടുത്തെ പ്രദേശവാസികളായ മനുഷ്യര്‍ക്ക് പല രോഗങ്ങളും പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, ദ്വീപിലെത്തിയ സന്ദര്‍ശകരെ അക്രമാസക്തമായി ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പതിനായിരക്കണക്കിന് മാരക വിഷമുള്ള പാമ്പുകളാല്‍ നിറഞ്ഞതാണ് ബ്രസീലിലെ ഈ ദ്വീപ്. ഇഴജന്തുക്കളെ കണ്ട് പേടിക്കാത്തവര്‍ക്ക് പോലും ഇവിടെ ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയില്ല. രേഖകള്‍ പ്രകാരം, അതിമാരകമായ വിഷം പേറുന്ന 4000-തിലധികം ഗോള്‍ഡന്‍ ലാന്‍സ് ഹെഡ്‌സ് എന്നയിനം പാമ്പുകള്‍ ഇവിടെയുണ്ട്. കൂടാതെ ഇതുവെ തിരിച്ചരിയാത്ത വിഷ പാമ്പുകളും മറ്റും ഈ ദ്വീപിലുണ്ട്. അത്യധികം അപകടകരമായ സാഹചര്യമാണ് ദ്വീപിലുള്ളതിനാല്‍ ബ്രസീല്‍ ഗവണ്‍മെന്റ് ഇവിടം സന്ദര്‍ശിക്കുന്നത് നിയമവിരുദ്ധമാക്കിയിരിക്കുന്നു.
നാല് വര്‍ഷത്തോളം നീണ്ടുനിന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് രൂപംകൊണ്ട സര്‍ട്ട്‌സി ദ്വീപ്, ഐസ്‌ലന്‍ഡിന്റെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. താരതമ്യേനെ അടുത്ത കാലത്ത് ലോകത്തില്‍ രൂപംകൊണ്ട ഏറ്റവും പുതിയ ദ്വീപ് എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ സഞ്ചാരികളുടെ പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കാരണം, ഈ സുന്ദരമായ ദ്വീപില്‍ നിലവിലെ പാരിസ്ഥിതിക ക്രമത്തെ മനുഷ്യന്റെ കടന്നുകയറ്റം തകിടം മറിച്ചേക്കാം. വളരെ അപൂര്‍വ്വമായി, ജിയോളജിസ്റ്റുകള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മാത്രം അവിടെ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നുണ്ട്.