പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന് ഒരു ഘടനയുണ്ട്. രാവിലെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങളുണ്ടായി. ജാതിമതഭേദമെന്യേ തൃശൂര്‍കാര്‍ ആഘോഷിക്കുന്ന പൂരം വളരെ ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ തലത്തിലും മറ്റു തലത്തിലും സൗകര്യം ഒരുക്കിത്തരികയാണ് വേണ്ടതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരിഷ് കുമാര്‍ പറഞ്ഞു.
ത്രിതല അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുള്ളതാണ്. ആരാണ് തെറ്റു ചെയ്തത്. ആരാണ് ഇരയായത് എന്നെല്ലാം കണ്ടുപിടിക്കട്ടെ. എന്നാല്‍ അന്വേഷണത്തിന്റെ ഒരു ചുവടു പോലും മുന്നോട്ടു പോയിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ല. കേസില്ലാത്തതു കാരണം ക്രൈംബ്രാഞ്ചിന് മുന്നോട്ടു പോകാനാകുന്നില്ലെന്നും കെ ഗിരീഷ് കുമാര്‍ പറഞ്ഞു.
തൃശൂര്‍ പൂരം നടന്നിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തു വന്നിരുന്നു. തൃശൂര്‍ പൂരം കലക്കാനുള്ള ശ്രമമാണ് നടന്നത്. അതില്‍ വിജയിച്ചില്ല. വെടിക്കെട്ട് താമസിപ്പിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ. ബാക്കി പൂരവുമായി ബന്ധപ്പെട്ട ചടങ്ങ് കൃത്യമായി നടന്നിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.