വരണ്ട തലയോട്ടിയിലാണ് സാധാരണയായി അമിതമായി താരൻ ഉണ്ടാകുന്നത്. അടർന്ന് ഇളക്കി വരുന്ന ഈ വെള്ള പൊടിയെ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ഒരുപക്ഷെ മുടിയുടെ മുഴുവൻ ആരോഗ്യവും നഷ്ടപ്പെട്ട് പോയേക്കാം. മുടിയിലെ താരൻ മാറ്റാൻ വെറും മൂന്ന് ചേരുവകളിൽ ചെയ്യാൻ കഴിയുന്ന ഒരു സിമ്പിൾ ഹെയർ മാസ്കാണിത്.
മുടിയ്ക്ക് ഏറെ നല്ലതാണ് കടുകും കടുകെണ്ണയുമൊക്കെ. മുടിയിലെ താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടി പോകുന്നത് പോലെയുള്ള മിക്ക പ്രശ്നങ്ങളും ഇല്ലാതാക്കാനും അതുപോലെ മുടിയെ ആരോഗ്യത്തോടെ വയ്ക്കാനും ഇത് സഹായിക്കാറുണ്ട്. ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ ഉചിതമായ അനുപാതം ഉള്ളതിനാൽ ഇത് മുടിയുടെ പല പ്രശ്നങ്ങളെയും തടയുന്നു. വൈമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ മുടി പൊട്ടുന്നത് പോലുള്ള പ്രശ്‌നങ്ങൾ മാറ്റുന്നു. കൂടാതെ മുടിയെ വേരുകളിൽ നിന്ന് ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിലും താരനും മാറ്റാനും കടുക് നല്ലതാണ്.
ഉലുവയും കടുകും വെള്ളത്തിലിട്ട് തലേ ദിവസം രാത്രി കുതിർക്കാൻ വയ്ക്കുക. ഇനി ഇത് അടുത്ത ദിവസം രാവിലെ നന്നായി മിക്സിയിലിട്ട് അരച്ച് എടുക്കുക. അതിന് ശേഷം ഇതിലേക്ക് തൈര് ഒഴിച്ച് ഇളക്കുക. ഇനി ഈ പായ്ക്ക് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റോ അല്ലെങ്കിൽ അര മണിക്കൂറോ കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. ഇത് മുടിയ്ക്ക് വളരെ നല്ലൊരു മാസ്കാണ്. കൂടാതെ മുടികൊഴിച്ചിലും താരനും എളുപ്പത്തിൽ മാറ്റാനും സഹായിക്കും.
മുടിയ്ക്ക് വളരെ നല്ലതാണ് ഉലുവ. ഉലുവയിൽ ആൻ്റി ഓക്സിഡൻ്റുകളും പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിലും താരനും പ്രതിരോധിക്കാനുള്ള കഴിവ് ഉലുവയ്ക്ക് ധാരാളമായിട്ടുണ്ട്. ഇത് മുടിയിലുണ്ടാകുന്ന വരൾച്ച മാറ്റാനും അതുപോലെ കഷണ്ടി കയറുന്നത് മാറ്റാനും നല്ലതാണ്. മാത്രമല്ല മുടി കൊഴിച്ചിൽ തടഞ്ഞ് മുടിയെ നന്നായി വളർത്തിയെടുക്കാനും സഹായിക്കുന്നതാണ് ഉലുവ.
നാച്യുറൽ കണ്ടീഷണർ എന്ന് വേണമെങ്കിൽ തൈരിന് വിളിക്കാവുന്നതാണ്. തൈരിൽ ഉയർന്ന അളവിൽ ഫാറ്റി ആസിഡുകൾ, ധാതുക്കൾ, പ്രോട്ടീൻ, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ചേരുവകളെല്ലാം രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടിയെ മൃദുലമാക്കുകയും പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കുകയും ചെയ്യുന്നവയാണ്. ഇത് തലയോട്ടിയിൽ ആഴത്തിൽ ഇറങ്ങി പ്രവർത്തിക്കുകയും നല്ല രീതിയിൽ മോയ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.