Celebrities

‘എന്നെയും അച്ഛനെയും കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് ഞാന്‍, ഓപ്പോസിറ്റ് നില്‍ക്കുന്നവരോട് ഫേവറിസം കാണിക്കാറില്ല’: അഭിനയ

എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് എനിക്ക് ഇതൊക്കെ ചെയ്യാന്‍ പറ്റിയത്

ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ നായികയാണ് അഭിനയ. ജന്മനാ കേള്‍വി ശേഷിയും സംസാരശേഷിയും ഇല്ലാത്ത ആളാണ് അഭിനയ. എന്നാല്‍ തന്റെ അഭിനയത്തില്‍ അതൊന്നും പ്രകടമാകാറേയില്ല. വളരെ മികച്ച പ്രതികരണമാണ് അഭിനയയുടെ അഭിനയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘അമ്മ പറഞ്ഞുളള അറിവാണ്, ജനിച്ച സമയത്ത് ഞാന്‍ ഒരു കേള്‍വി ശക്തിയുള്ള കുട്ടിയാണ് എന്നാണ് അവര്‍ കരുതിയിരുന്നത്. പക്ഷേ ആറുമാസത്തിന് ശേഷം എന്തെങ്കിലും ശബ്ദം കേട്ടാല്‍ അതിന് പ്രതികരിക്കാനുള്ള സമയം കൂടുതലായിട്ട് ഞാന്‍ എടുക്കുന്നത് അമ്മ നോട്ടീസ് ചെയ്തു. എന്തെങ്കിലും സാധനങ്ങള്‍ നിലത്ത് വീഴുമ്പോഴോ അല്ലെങ്കില്‍ മറ്റ് ശബ്ദങ്ങള്‍ക്കോ ഒന്നും പ്രതികരിക്കാതെ വന്നപ്പോഴാണ് അമ്മ എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.’

‘തുടര്‍ന്ന് ചെക്കിങ് ഒക്കെ നടത്തി. അങ്ങനെയാണ് ഞാന്‍ ഡഫ് ആണെന്ന് മനസ്സിലായത്. നെര്‍വ് ഇഷ്യൂസ് ഉള്ളതുകൊണ്ടാണ് എനിക്ക് ബധിരത വന്നത്. ശരീരികമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഡോക്ടറെ സ്ഥിരമായി കണ്ടതോടെ ട്രീറ്റ്‌മെന്റ് എടുക്കാന്‍ തുടങ്ങി. അങ്ങനെ ബെറ്ററായി വന്നതാണ്.’

‘ഒരുപാട് പേര്‍ കളിയാക്കിയിട്ടുണ്ട് ഈ കുട്ടിക്ക് എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റും എന്നൊക്കെ ചോദിച്ച്. പക്ഷേ അച്ഛന്‍ അച്ഛന്റെ പോസിറ്റിവിറ്റിയും കോണ്‍ഫിഡന്‍സും ഒരിടത്തും കളഞ്ഞില്ല. ഞാനിപ്പോള്‍ ശരിക്കും അതിനൊക്കെ ഉള്ള ഒരു മറുപടി അല്ലേ. എന്റെ അച്ഛനെയും എന്നെയും കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് ഞാന്‍. ഇപ്പോള്‍ നെഗറ്റീവ് ഒക്കെ പറഞ്ഞവരോട് ശരിക്കും നന്ദിയുണ്ട്. കാരണം എന്റെ വളര്‍ച്ചയ്ക്ക് വലിയൊരു പങ്കുവഹിച്ചിട്ടുള്ളത് അവരാണ്. കാരണം എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് എനിക്ക് ഇതൊക്കെ ചെയ്യാന്‍ പറ്റിയത്. ശരിക്കും അവരോടാണ് അപ്പോള്‍ ഞാന്‍ നന്ദി പറയേണ്ടത്.’

‘ഞാന്‍ നേരത്തെ ചെയ്ത മൂന്ന് സിനിമകളിലും പോലീസ് കാരക്ടറായിട്ടായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് ആക്ഷന്‍ സീക്വന്‍സ് ചെയ്യാന്‍. എനിക്ക് അതൊക്കെ വലിയ താല്‍പര്യമാണ്. ഞാന്‍ ഓപ്പോസിറ്റ് നില്‍ക്കുന്ന ആളിന്റെ അടുത്ത് അങ്ങനെ ഫേവറിസം ഒന്നും കാണിക്കാറില്ല. ആക്ഷന്‍സൊക്കെ വളരെ പ്രിപ്പയര്‍ ചെയ്താണ് എടുക്കുന്നത്. ഞാന്‍ ഷോട്ട് കഴിഞ്ഞതിനുശേഷമാണ് ഹാപ്പി ആകുന്നത്. എത്രത്തോളം പെര്‍ഫക്ട് ആയിട്ട് ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ നോക്കാറുണ്ട്. അങ്ങനത്തെ ആക്ഷന്‍ സീക്വന്‍സ് ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ്. ഇനിയും ഇനിയും അങ്ങനത്തെ ഫുള്‍ ഓണ്‍ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് വലിയ താല്‍പര്യം ഉണ്ട്.’അഭിനയ പറഞ്ഞു.