വിവിധ രാജ്യങ്ങളുമായി ആറ് പുതിയ വ്യോമയാനഗതാഗത കരാറുകളിൽ ഒമാൻ ഒപ്പുവെച്ചു. റിപ്പബ്ലിക് ഓഫ് ഉഗാണ്ട, റിപ്പബ്ലിക് ഓഫ് സീഷെൽസ്, റിപ്പബ്ലിക് ഓഫ് സുരിനാം, റിപ്പബ്ലിക് ഓഫ് ചിലി, റിപ്പബ്ലിക് ഓഫ് ചാഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായാണ് കരാറിലെത്തിയത്.
ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ എഞ്ചി. നായിഫ് ബിൻ അലി അൽ അബ്രിയാണ് കരാറിൽ ഒമാനെ പ്രതിനിധീകരിച്ചത്. മലേഷ്യ അതിഥേയത്വം വഹിച്ച ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ നെഗോസിയേഷൻസ് കോൺഫറൻസിലാണ് കരാർ. 2024 ഒക്ടോബർ 21 മുതൽ 25 വരെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാർഗനിർദേശ പ്രകാരം നടക്കുന്ന കോൺഫറൻസാണിത്. സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതിനിധികളും ഏവിയേഷൻ മേഖലയിൽ സ്‌പെഷ്യലൈസ് ചെയ്യുന്ന സംഘടനകളും ഇതിൽ പങ്കെടുക്കും.
ഓരോ കരാറിലും 24 ആർട്ടിക്കിളുകളും ഒമാനും അതാത് രാജ്യങ്ങളും തമ്മിലുള്ള എയർ റൂട്ട് ഷെഡ്യൂകളും ഉൾപ്പെടും. ഇതിലൂടെ ഒമാനിൽ നിന്നും പങ്കാളിരാജ്യങ്ങളിൽ നിന്നുമുള്ള എയർലൈനുകൾക്ക് പാസഞ്ചർ, കാർഗോ ഫ്‌ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ സാധിക്കും. വ്യോമഗതാഗത മേഖലയിൽ 129 പങ്കാളികളുമായി ഇതുവരെ 82 കരാറുകളിൽ ഒമാൻ ഒപ്പുവെച്ചിട്ടുണ്ട്.