ചേരുവകൾ
ഇഞ്ചി – 200 ഗ്രാം
ചെറിയ ഉള്ളി -10
പച്ചമുളക് – 3
കറിവേപ്പില – 2 തണ്ട്
വാളൻപുളി – ഒരു വലിയ ചെറുനാരങ്ങ വലുപ്പം (40 ഗ്രാം)
മുളക്പൊടി – 1½ ടേബിൾസ്പൂൺ
മല്ലിപൊടി – ½ ടേബിൾസ്പൂൺ
വറുത്ത് പൊടിച്ച ഉലുവപ്പൊടി – ¼ ടീസ്പൂൺ
കായപ്പൊടി – ¼ ടീസ്പൂൺ
മഞ്ഞൾപൊടി – 2 നുള്ള്
ശർക്കര – 3 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
ചൂടുവെള്ളം – 1 കപ്പ്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ഇഞ്ചി തൊലി കളഞ്ഞു വൃത്തിയാക്കി വട്ടത്തിൽ കനം കുറച്ചരിയണം. ചെറിയ ഉള്ളിയും പച്ചമുളകും വട്ടത്തിൽ കനം കുറച്ചരിയണം. പുളി ½ കപ്പ് വെള്ളത്തിൽ കുതിർത്തുപിഴിഞ്ഞുവെക്കണം ആവശ്യത്തിനുള്ള വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് ഇഞ്ചി ഇട്ട് ഇളം ചുവപ്പുനിറമാകുന്നത് വരെ വറുത്തു കോരുക. (കരുകരുപ്പാകുന്നത് വരെ )ഇഞ്ചി വറുത്ത എണ്ണയിൽ ഉള്ളി ഇട്ട് കുറച്ചു നിറം മാറുമ്പോൾ പച്ചമുളകും കറിവേപ്പിലയും കൂടി ഇട്ട് വറുത്തു കോരുക (ഉള്ളി ഇളം ചുവപ്പു നിറമാകണം) വറുത്തെടുത്തതെല്ലാം ചൂട് ആറിക്കഴിയുമ്പോൾ ചെറിയ തരിയോടു കൂടി പൊടിച്ചെടുക്കുക. ഇതേ വെളിച്ചെണ്ണയിൽ നിന്നും 2 ½ ടേബിൾസ്പൂൺ വെളിച്ചെണ്ണ എടുത്തിട്ട് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിയാൽ കറിവേപ്പിലയും ഇടുക. ചെറിയ തീയിൽ ഇട്ടിട്ട് പൊടികൾ എല്ലാം ചേർത്തു കൊടുക്കുക. ചെറിയ തീയിൽത്തന്നെ പൊടിയുടെ പച്ച മണം മാറുന്നവരെ ഇളക്കുക. (1 മിനിറ്റ് )ഇതിലേക്ക് പുളിവെള്ളവും ശർക്കരയും 1 കപ്പ് ചൂടുവെള്ളവും ഉപ്പും ചേർത്തിട്ട് തിളപ്പിക്കുക. വറുത്തു പൊടിച്ചതെല്ലാം ചേർക്കുക, മിതമായ ചൂടിൽ തിളപ്പിക്കുക. ഇഞ്ചിക്കറി കുറുകി കുറച്ച് എണ്ണ തെളിയുന്ന പാകമാകുമ്പോൾ വാങ്ങുക.അടച്ചുറപ്പുള്ള ഗ്ലാസ് ബോട്ടിലിലോ ഭരണിയിലോ സൂക്ഷിക്കാം.