സൗദിയിലെ വധശിക്ഷയിൽ നിന്നും ജയിൽ മോചനം കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹരജിയിൽ സിറ്റിങ് നവംബർ 17ന് നടക്കും. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് തന്നെയാകും കേസ് പരിഗണിക്കുക. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് തീർപ്പാക്കാനുള്ള വിധി വധശിക്ഷാ ബെഞ്ചിനു തന്നെ വിട്ടത്. മോചന ഉത്തരവുണ്ടായാൽ റഹീമിന് നേരിട്ട് നാട്ടിൽ പോകാനാകുമെന്നും എംബസി യാത്ര രേഖകൾ തയ്യാറാക്കിയതായും റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു.
നേരത്തെ നവംബർ 21 എന്നുള്ളതാണ് പ്രതിഭാഗത്തിന്റെ അപേക്ഷപ്രകാരം 17 ലേക്ക് മാറ്റിയതെന്ന് റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. അനുവദിച്ച തിയ്യതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറും, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും വ്യക്തമാക്കി. അഭിഭാഷകനേയും ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വിദേശകാര്യ മന്ത്രാലയം വഴിയുമാണ് ഇതിനുള്ള ശ്രമം.
പുതിയ ബെഞ്ചിൽ കേസിന്റെ എല്ലാ രേഖകളും എത്തിയിട്ടുണ്ട്, അടുത്ത സിറ്റിങ് ഈ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ എംബസി റഹീമിന്റെ യാത്ര രേഖകൾ തയ്യാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാൽ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയും. കൊലപാതക കേസായതിനാൽ കൊല്ലപ്പെട്ടവരുടെ കുടുംബം മാപ്പു നൽകിയാലും സൗദി നീതിന്യായ വകുപ്പിന്റെ ഉത്തരവും അനുമതിയും ഇതിൽ വേണം. നടപടിക്രമങ്ങൾ പൂർത്തായാക്കാനാണ് ഇത്ര സമയമെടുത്തത്. നീണ്ട പതിനെട്ട് വർഷത്തെ ശ്രമത്തിന് ശുഭാന്ത്യം സംഭവിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി കാത്തിരിക്കേണ്ടതെന്നും റിയാദ് നിയമ സഹായ സമിതി പറഞ്ഞു.