പരിസ്ഥിതിയെ ബാധിക്കുന്ന മുഴുവൻ കുറ്റങ്ങൾക്കും കടുത്ത ശിക്ഷ നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു. സമുദ്രത്തിലെ ഗുരുതര പരിസ്ഥിതി മലിനീകരണത്തിന് 10 വർഷം വരെ തടവും 30 ലക്ഷം റിയാൽ പിഴയും വരെ ഈടാക്കാനാണ് തീരുമാനം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പച്ചപ്പ് വർധിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കും.
കടലിനേയും തീരത്തേയും ബാധിക്കുന്ന പരിസ്ഥിതി മലിനീകരം തടയാനാണ് ശിക്ഷ കടുപ്പിക്കുന്നത്. പത്തുവർഷം വരെ തടവും 30 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയായി നൽകുക. വ്യക്തികൾക്കും കമ്പനികൾക്കും എതിരെയാണ് പിഴ ചുമത്തുക. സമുദ്ര മേഖലയും ജലസ്രോതസ്സുകളും സംരക്ഷിക്കാൻ പുതിയ പരിസ്ഥിതി നിയമം കർശനമായി നടപ്പാക്കും. പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2021ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന് കീഴിലാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിലുണ്ട്. ഹരിതവത്കരണവും ഇതിൽ പ്രധാനപ്പെട്ടതാണ്. 95 ലക്ഷം മരങ്ങൾ ഇതിനു കീഴിൽ ഇതുവരെയായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആയിരം കോടി മരങ്ങൾ കൂടി ഇനി നട്ടുപിടിപ്പിക്കും.