പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്ഥലം അനുവദിച്ചു. സീഫ് ഏരിയയിലാണ് പുതിയ പള്ളി നിർമ്മിക്കുക.
മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെയും വിവിധ വിശ്വാസങ്ങളിൽപ്പെട്ട ആളുകളിൽ പരസ്പര ബഹുമാനം നിലനിർത്തുന്ന സംസ്കാരം വളർത്തുന്നതിന്‍റെയും ഭാഗമാണ് ഈ തീരുമാനം. ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പള്ളി നിർമാണ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ചു.
ബഹ്‌റൈൻ വാസ്തുവിദ്യാ പൈതൃക രീതിയിലാണ് പുതിയ പള്ളിയുടെ രൂപകല്പന. പ്രധാന പള്ളി, മൾട്ടി യൂസ് ഹാൾ, വൈദികരുടെ വസതി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകൾ, സേവന സൗകര്യങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 1,250 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള നിരവധി കെട്ടിടങ്ങൾ പള്ളിയോടനുബന്ധിച്ച് ഉണ്ടാകും.