India

വിമാനക്കമ്പനികള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു, ഇന്ന് 50 വിമാനങ്ങള്‍ ലക്ഷ്യമിട്ടു

ആകാശ എയര്‍, ഇന്‍ഡിഗോ, വിസ്താര എന്നിവ ഒന്നിലധികം അലേര്‍ട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തു

സോഷ്യല്‍ മീഡിയ വഴി വിമാനക്കമ്പനികള്‍ക്ക് നേരെ നടത്തുന്ന വ്യാജ ബോംബ് ഭീഷണി ഞായറാഴ്ചയും തുടര്‍ന്നു. 50 ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, 350ലധികം വിമാനങ്ങള്‍ സമാനമായ വ്യാജ ഭീഷണികള്‍ നേരിട്ടു, മിക്ക ഭീഷണികളും സോഷ്യല്‍ മീഡിയ വഴിയാണ് നല്‍കിയത്. ഞായറാഴ്ച ആകാശ എയര്‍ തങ്ങളുടെ 15 വിമാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. വിശദമായ പരിശോധനകള്‍ക്ക് ശേഷം എല്ലാ വിമാനങ്ങളും പ്രവര്‍ത്തനത്തിന് അനുവദിച്ചു. ഇന്‍ഡിഗോയ്ക്ക് 18 വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായപ്പോള്‍ വിസ്താരയ്ക്ക് 17 വിമാനങ്ങള്‍ക്ക് അലേര്‍ട്ട് നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന വ്യക്തികളെ വിമാനത്തില്‍ പറക്കുന്നത് നിരോധിക്കാനുള്ള നടപടികള്‍ കേന്ദ്രം പരിഗണിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു ഞായറാഴ്ച അറിയിച്ചു. ‘ഇവ തടയാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികള്‍, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ പിന്തുണയും സ്വീകരിക്കുന്നു. രണ്ട് സിവില്‍ ഏവിയേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ആലോചിക്കുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവലംബിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്യും. .അത്തരക്കാരെ വിമാനയാത്രയില്‍ നിന്ന് നിരോധിക്കാനുള്ള നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്, വരും ദിവസങ്ങളില്‍ ഞങ്ങള്‍ അവരെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന വ്യാജ ഭീഷണികള്‍ക്ക് മറുപടിയായി, ഐടി നിയമങ്ങള്‍ക്ക് അനുസൃതമായി ജാഗ്രത പാലിക്കാനും തെറ്റായ വിവരങ്ങള്‍ ഉടനടി നീക്കം ചെയ്യാനും ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭീഷണികളെ ഗൌരവമായി എടുത്ത്, ഈ തട്ടിപ്പുകള്‍ക്ക് പിന്നിലുള്ളവരെ സര്‍ക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്, അത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ പങ്കിടാന്‍ മെറ്റായും എക്‌സും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു സുരക്ഷയ്ക്ക് സഹകരണം ആവശ്യമാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വ്യാജ ഭീഷണികള്‍ക്ക് ഉത്തരവാദികളായ ചില വ്യക്തികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവരുടെ സ്ഥലങ്ങളെയും ഐഡന്റിറ്റികളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.