ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.
ഡിഎംകെ എപ്പോഴും ഫാസിസം എന്ന് മാത്രം പറഞ്ഞു നടക്കുന്നുവെന്നും ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നുവെന്നും വിജയ്‌യുടെ വിമർശനം. ഡിഎംകെ കുടുംബാധിപത്യ പാർട്ടി എന്നും താരം വിമർശിച്ചു.
അവർ ഫാസിസം കാട്ടുമ്പോൾ നിങ്ങൾ പക്ഷപാതം കാട്ടുന്നുവെന്നും വിജയ് വിമർശിച്ചു. പണത്തിനു വേണ്ടി കൂടിയ കൂട്ടമല്ല ടിവികെ. ട്രോളുകളിലൂടെയും കളിയാക്കലിലൂടെയും ഈ ശക്തിയെ വീഴ്ത്താം എന്ന് കരുതരുത്. 2026 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അങ്കത്തിനായി ഒരു തീയതി കുറിക്കും അന്ന് തമിഴ്ജനത ഒന്നായി TVK ചിഹ്നത്തിൽ വോട്ട് ചെയ്യും എന്ന് വിജയ് പറഞ്ഞു. വിഭജന ശക്തികളും അഴിമതിക്ക് കൂടെ നിക്കുന്നവരും ഒരുപോലെ എതിരാളികളാണെന്ന് വിജയ് സമ്മേളനത്തിൽ പറഞ്ഞു.
സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും പ്രസംഗത്തിൽ പരാമര്‍ശിച്ചുകൊണ്ട് താൻ വന്നത് തമിഴ്നാട് മുഖ്യമന്ത്രിയാകാനാണെന്നും വിജയ് സൂചിപ്പിച്ചു. തന്‍റെ കരിയറിന്‍റെ ഉന്നതിയിൽ നിങ്ങൾക്കായി ഞാൻ ഇറങ്ങുകയാണെന്നും അധികാരത്തിന്‍റെ പങ്ക് പിന്തുണയ്ക്കുന്നവര്‍ക്കും നൽകുമെന്നും വിജയ് പറഞ്ഞു. ഡിഎകെയുടെയും എഐഎഡിഎംകെയുടെയും സഖ്യകക്ഷികളെ ലക്ഷ്യമിട്ടുകൊണ്ട് സഖ്യത്തിന് തയ്യാറാണെന്നും വിജയ് പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ ഇടം വേണമെന്ന് ഡിഎംകെ സഖ്യ കക്ഷികൾ വാദിക്കുന്നതിനിടെയാണ് വിജയുടെ പ്രഖ്യാപനം. അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തുവെന്നും വിജയ് പറഞ്ഞു.
രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ല. ഇത് പണത്തിനുവേണ്ടിയല്ല. മാന്യമായിട്ടായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. താൻ ആരുടെയും എ ടീമോ ബി ടീമോ അല്ല. അഴിമതിക്കാരായ കപടമുഖം മൂടി ധരിച്ചവരെ നേരിടുന്ന നാള്‍ വിദൂരമല്ല. 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. 2026ലെ തെരഞ്ഞെടുപ്പിൽ ടിവികെ ചിന്ഹനത്തിൽ തമിഴ്നാട് വോട്ട് ചെയ്യുമെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടും പ്രസംഗത്തിൽ വിജയ് പരാമര്‍ശിച്ചു.
അംബേദ്‌കർ തത്വങ്ങളിൽ ഉറച്ച് നിൽക്കും. പെരിയാറിന്റെ തത്വങ്ങൾ സ്വീകരിക്കും. എന്നാൽ ദൈവ വിശ്വാസങ്ങൾക്ക് എതിരല്ല. പെരിയാർ വഴികാട്ടി, ഒരു കുലം ഒരു നയം എന്നതാണ് TVK നയം. അംബേദ്‌കർറിന്റെയും പെരിയാറിന്റെയും കാമരാജിന്റെയും പാതകൾ പിന്തുടരും.
TVK രാഷ്ട്രീയത്തിന്റെ പുതുയുഗം സൃഷ്‌ടിക്കും. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള്‍ വിജയിക്ക് സമ്മാനിച്ചു.
സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു.