ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. ആലപ്പുഴയിൽ നടക്കുന്ന പരിപാടിയിൽനിന്ന് സിപിഐ കൗൺസിലർമാർ വിട്ടുനിൽക്കും. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനായാണു മുഖ്യമന്ത്രി എത്തുന്നത്.
ജനറൽ ആശുപത്രിയിൽ അതിക്രമിച്ചുകയറി എന്ന പരാതിയിൽ ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചാണു ബഹിഷ്‌ക്കരണം.
ചടങ്ങില്‍ വൈസ് ചെയര്‍മാനായിരുന്നു സ്വാഗതം പറയേണ്ടിയിരുന്നത്. എന്നാല്‍, വൈസ് ചെയർമാൻ ഉൾപ്പെടെ ഒൻപത് കൗൺസിലർമാര്‍ ചടങ്ങിൽനിന്നു വിട്ടുനിൽക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പി.എസ്.എം ഹുസൈന്‍ പുന്നപ്ര-വയലാര്‍ സമര വാരാചാരണവുമായി ബന്ധപ്പെട്ട് നിലവില്‍ വയലാറിലാണുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരും ഐക്യദാര്‍ഢ്യവുമായി പരിപാടി ബഹിഷ്ക്കരിക്കുന്നുണ്ട്.
ഡ്യൂട്ടി ഡോക്ടറുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി ഡ്യൂട്ടി തടസപ്പെടുത്തുകയും രോഗികളുടെ മുന്നിൽ അപമാനിച്ചെന്നുമായിരുന്നു പരാതി.