നിത്യഭക്ഷണത്തില്‍ നാം ഉള്‍പ്പെടുത്തേണ്ട ഒരു അവശ്യ പോഷണമാണ് പ്രോട്ടീന്‍. ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും ഏറെ ആവശ്യമായ ഒന്നാണിത്. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. പേശികളുടെയും മുടിയുടെയും ചര്‍മ്മത്തിന്റെയും ഹോര്‍മോണുകളുടെയുമൊക്കെ നിര്‍മ്മാണത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. മാംസം, പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍, കടല്‍ വിഭവങ്ങള്‍, നട്‌സ് എന്നിവയിലെല്ലാം പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം വര്‍ധിക്കുന്നതിനും എല്ലിന്റെ ബലം കൂട്ടുന്നതിനും പ്രോട്ടീനുള്ള പങ്ക് വളരെ വലുതാണ്. ചിലര്‍ ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അധികമായി കഴിക്കാറുണ്ട്. എന്നാല്‍, അമിതമായ പ്രോട്ടീനിന്റെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
പ്രോട്ടീന്‍ ലഭിക്കാതിരിക്കുമ്പോൾ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങള്‍
പ്രോട്ടീനിന്റെ അഭാവം മൂലം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇലാസ്റ്റിന്‍, കൊളാജെന്‍, കെരാറ്റിന്‍ പോലുള്ള പ്രോട്ടീനുകളാല്‍ നിര്‍മ്മിതമാണ് മുടിയും ചര്‍മ്മവും നഖവുമൊക്കെ. അതിനാൽ പ്രോട്ടീന്റെ അഭാവം നഖം പൊട്ടാനും മുടി കൊഴിയാനും ചര്‍മ്മം ചെതുമ്പലുകള്‍ ഉള്ളതാകാനും ഇടയാക്കും. പേശികള്‍ വളര്‍ത്താനും സംരക്ഷിക്കാനുമൊക്കെ പ്രോട്ടീന്‍ ആവശ്യമാണ്. മാത്രമല്ല ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനൊപ്പം വിശപ്പടക്കാനും പ്രോട്ടീന്‍ സഹായിക്കും. എന്തെല്ലാം കഴിച്ചിട്ടും പെട്ടെന്ന് വിശക്കുന്നത് ആവശ്യത്തിന് പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഇല്ലെന്നതിന്റെ സൂചനയാണ്. ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം ഹോര്‍മോണ്‍ സന്തുലനം താളം തെറ്റാനും ഇടയാക്കും. ഇങ്ങനെ പല ലക്ഷണങ്ങൾ പ്രോട്ടീനിന്റെ അഭാവം ശരീരം പ്രത്യക്ഷത്തിൽ പ്രകടമാക്കും.
പ്രോട്ടീന്‍ അധികമായാല്‍ ശരീരം നൽകുന്ന മുന്നറിയിപ്പുകള്‍
പ്രോട്ടീന്റെ അഭാവം പോലെ തന്നെ ശരീരത്തിൽ പ്രോട്ടീന്‍ അധികമായാലും ശരീരം ചില മുന്നറിയിപ്പുകള്‍ നല്‍കി തുടങ്ങും. അധികം പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് നമ്മുടെ വൃക്കകളുടെ ജോലി ഭാരം വര്‍ധിപ്പിക്കും. ഇത് നിര്‍ജലീകരണത്തിനും ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാകും. ശാരീരിക പ്രവര്‍ത്തിന് ആവശ്യമായ വെള്ളവും ധാതുക്കളും ലഭിക്കാന്‍ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അധികമായി പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ താറുമാറാക്കും. മാത്രമല്ല പ്രോട്ടീന്‍ അധികമായി കഴിക്കുന്നവരില്‍ വിഷാദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങളില്‍ പറയുന്നു.
STORY HIGHLIGHT: do not ignore signs of protein deficiency