ലോകപ്രശസ്ത എഴുത്തുകാരൻ ആർതർ കോനൻ ഡോയ്ൽ എഴുതിയ ലോസ്റ്റ് വേൾഡ് എന്ന നോവലിൽ ഒരു മൃഗത്തെപ്പറ്റി പറയുന്നുണ്ട്. അഗൂട്ടി എന്നൊരു മൃഗം. മധ്യ, തെക്കേ അമേരിക്കൻ മേഖലകളിൽ കാണപ്പെടുന്ന മൂഷികവർഗത്തിൽപെടുന്ന മൃഗമാണ് അഗൂട്ടി. ഗിനിപ്പന്നിയെപ്പോലിരിക്കുന്ന ഈ മൃഗത്തിന്റെ ശരീരം എണ്ണമയമാണ്. കൂടാതെ ദുർഗന്ധമുള്ള ഒരു വസ്തുവുണ്ട്. മുൻകാലുകളിൽ 5 വിരലുകളും പിൻകാലുകളിൽ 3 വിരലുകളുമുള്ളതാണ് അഗൂട്ടി. സൂക്ഷിച്ചുനോക്കിയാൽ കാണാവുന്ന തരത്തിൽ ഒരു വാലും ഇതിനുണ്ട്. വളരെ കട്ടിയുള്ള വസ്തുക്കൾ ചവയ്ക്കാൻ പറ്റുന്ന രീതിയിലുള്ള പല്ലുകളാണ് അഗൂട്ടിക്ക്.
ബ്രസീൽ നട്ടുകളാണ് ഇവയുടെ പ്രധാന ആഹാരം. ഇവയുടെ പല്ലുകൾ ജീവിതകാലത്തുടനീളം വളർന്നുകൊണ്ടിരിക്കും. കോട്ടിമുണ്ടി, ജാഗ്വർ, ഓസിലോട്ട് തുടങ്ങിയ ജീവികളാണ് അഗൂട്ടികളുടെ പ്രധാന വേട്ടക്കാർ. ഭക്ഷണം അധികമായി കൈയിൽ കിട്ടിയാൽ കുറേയെറെ നട്ടുകൾ മണ്ണിൽ നിക്ഷേപിക്കും. പിന്നീട് ദൗർലഭ്യമുണ്ടായാൽ ഇതു കുറെയൊക്കെ തുരന്നെടുക്കാൻ അഗൂട്ടിക്കു കഴിയും. എന്നാൽ പലതും മറക്കാറാണു പതിവ്. ഈ വിത്തുകൾ മരങ്ങളായി മാറും. ആമസോൺ മഴക്കാടുകളിലെ വൃക്ഷനിബിഢത നിലനിർത്തുന്നതിൽ അഗൂട്ടിക്കും പങ്കുണ്ട്. മഴക്കാടുകളുടെ കൃഷിക്കാരൻ എന്നും ഈ ജീവി അറിയപ്പെടുന്നു.
STORY HIGHLLIGHTS: arthur-conan-doyle-agouti-rainforest-farmer