റാവൽപിണ്ടി: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ നിയമിച്ചു. യുവതാരം സൽമാൻ അലി ആഗയാണ് വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ ടി20 ലോകകപ്പിന് പിന്നാലെ ബാബർ അസം രാജിവെച്ച ഒഴിവിലേക്കാണ് നിയമനം നടത്തിയത്. ഓസ്ട്രേലിയ, സിംബാബ്‍വെ എന്നീ ടീമുകൾക്കെതിരെയുള്ള ഏകദിന ട്വന്റി 20 പരമ്പരയിൽ റിസ്വാൻ പാകിസ്താൻ ടീമിനെ നയിക്കും. റിസ്വാന് എല്ലാവിധ പിന്തുണയും പാകിസ്താൻ ക്രിക്കറ്റ് നൽകുമെന്ന് പിസിബി ചെയർമാൻ മോഹ്സിൻ നഖ്‍വി പറഞ്ഞു.
പാകിസ്താന് വേണ്ടി 74 ഏകദിനങ്ങളിൽ നിന്ന് 40.15 ശരാശരിയിൽ 2088 റൺസും 102 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 48.7 ശരാശരിയിൽ 3313 റൺസും നേടിയ താരമാണ് പുതിയ നായകൻ മുഹമ്മദ് റിസ്വാൻ. 35 ടെസ്റ്റ് മത്സരങ്ങൾ കളിച്ച റിസ്വാൻ 41 ശരാശരിയിൽ 2009 റൺസ് നേടിയിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ബാബർ അസമും പേസർ ഷഹീൻ ഷാ അഫ്രീദിയും ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരെയും മോശം പ്രകടനത്തെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. നവംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ മൂന്ന് വീതം ഏകദിന, ട്വന്റി മത്സരങ്ങളാണ് നടക്കുക. പിന്നാലെ നവംബർ 24 മുതലാണ് പാകിസ്താൻ സിംബാബ്‍വെയ്ക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യും കളിക്കുക. ഈ പരമ്പരയിൽ ബാബറിനും അഫ്രീദിക്കും ഇടം ലഭിച്ചിട്ടില്ല.