India

വിജയ് വർഷങ്ങളായി തന്‍റെ സുഹൃത്ത്; വിജയാശംസകള്‍ നേര്‍ന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: നടൻ വിജയ്ക്ക് വിജയാശംസയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിദി സ്റ്റാലിൻ. വിജയ് വർഷങ്ങളായി തന്റെ സുഹൃത്താണെന്നും പുതിയ യാത്രയിൽ അദ്ദേഹത്തിന് വിജയം നേരുന്നതായും ഉദയനിധി പറഞ്ഞു. ടിവികെയുടെ ആദ്യ സംസ്ഥാനതല സമ്മേളനത്തോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഉദയനിദി സ്റ്റാലിൻ.

‘വിജയ് വർഷങ്ങളായി എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. എൻ്റെ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമയിൽ അദ്ദേഹമായിരുന്നു നടൻ. അടുത്ത സുഹൃത്തായി ഇപ്പോഴും തുടരുന്നു. ഈ പുതിയ യാത്രയിൽ അദ്ദേഹം വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു’- ഉദയനിധി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എന്താണ് ഡിഎംകെ നിലപാടെന്ന ചോദ്യത്തിന്, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും തടയുന്ന ഒരു നിയമവുമില്ലെന്നും പാർട്ടി തുടങ്ങാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഉദയനിധി പറഞ്ഞു. ‘പല പാർട്ടികളും വന്നുപോയി, പക്ഷേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രം ഏറെ പ്രധാനമാണ്. ആ പ്രത്യയശാസ്ത്രത്തോടുള്ള ജനങ്ങളുടെ സ്വീകാര്യതയും പ്രധാനമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.