കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് സെമിയിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറം എഫ്.സിയെ 4-3ന് വീഴ്ത്തിയാണ് ഒരു റൗണ്ട് മത്സരം ബാക്കിയിരിക്കെ കണ്ണൂർ അവസാന നാലിലെത്തിയത്. കണ്ണൂരിനായി ഏസിയർ ഗോമസ്, പ്രഗ്യാൻ ഗോഗോയ്, അഡ്രിയാൻ സെർഡിനേറോ, അലിസ്റ്റർ ആന്റണി എന്നിവർ ഗോൾ നേടി. മലപ്പുറത്തിന്റെ ഗോളുകൾ ഫസലുറഹ്മാൻ, എയ്റ്റർ ആൽഡലിർ, സെർജിയോ ബാർബോസ എന്നിവരുടെ ബൂട്ടിൽ നിന്നായിരുന്നു.
രണ്ടാം പകുതിയിൽ പത്തു പേരായി ചുരുങ്ങിയിട്ടും കണ്ണൂർ വിജയിച്ചുകയറുകയായിരുന്നു. ഒൻപത് കളികളിൽ 16 പോയന്റ് നേടിയാണ് കാലിക്കറ്റ് എഫ്സിക്ക് പിന്നാലെ കണ്ണൂരും സെമിയുറപ്പിച്ചത്. ഒൻപത് കളികളിൽ ഒൻപത് പോയന്റുള്ള മലപ്പുറത്തിന് അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ തോൽപ്പിച്ചാൽ സെമി സാധ്യത നിലനിർത്താം.
മൂന്നാം മിനിറ്റിൽതന്നെ മത്സരത്തിൽ കണ്ണൂർ ലീഡ് പിടിച്ചു. വലതു വിങ്ങിലൂടെ പന്തുമായി ശരവേഗമെത്തിയ വാരിയേഴ്സിന്റെ മുഹമ്മദ് റിഷാദ് ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് സ്പാനിഷ് താരം എയ്സർ ഗോമസ് മലപ്പുറം ഗോൾകീപ്പർ മുഹമ്മദ് സിനാന് പിടിനൽകാതെ വലയിലാക്കി.
എട്ടാം മിനിറ്റിൽ മധ്യഭാഗത്തുനിന്ന് ലഭിച്ച പന്തുമായി വാരിയേഴ്സിന്റെ മിഡ്ഫീൽഡർ പ്രഗ്യാൻ ആടിയും ഉലഞ്ഞുമുള്ള നീക്കങ്ങളിലൂടെ ഗോൾ പോസ്റ്റിനരികിലെത്തി വലയിലാക്കിയതോടെ 2 -0. 28-ാം മിനിറ്റിൽ ഫസലുറഹ്മാനിലൂടെ മലപ്പുറം ഒരു ഗോൾ മടക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എയ്റ്റർ എടുത്ത ഫൗൾ കിക്ക് ഗോളിയെ മറികടന്ന് വലയിൽ.
49-ാം മിനിറ്റിൽ കണ്ണൂരിന്റെ സ്പാനിഷ് താരം സാർഡിനീറോ ടീമിനെ മുന്നിലെത്തിച്ചു. താരത്തിന്റെ ടൂർണമെന്റിലെ നാലാമത്തെ ഗോളാണിത്. 53ാം മിനിറ്റിൽ ബർബോസയിലൂടെ മലപ്പുറം വീണ്ടും ഒപ്പമെത്തി. എന്നാൽ, 79ാം മിനിറ്റിൽ കണ്ണൂരിന്റെ ആൽവറസ് കൊടുത്ത പാസ് ബോക്സിനുള്ളിൽ വെച്ച് അലിസ്റ്റർ അന്തോണി ഗോളാക്കി ടീമിന് ജയം ഉറപ്പിച്ചു.
മഞ്ചേരിയിൽ നടന്ന ആദ്യ ലെഗ്ഗിൽ കണ്ണൂർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മലപ്പുറത്തെ തോൽപ്പിച്ചിരുന്നു. അവസാന റൗണ്ടിലെ ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച ഫോഴ്സ കൊച്ചി, തൃശൂർ മാജിക് എഫ്സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്